ബെംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിക്കും മുമ്പ് കൊലയാളി രണ്ട് തവണ സംഭവ സ്ഥലം സന്ദര്‍ശിച്ചതായി പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.

ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് രണ്ടു തവണ അക്രമി സംഭവസ്ഥലം പരിശോധിക്കാന്‍ എത്തിയത്. സംഭവ ദിവസം വൈകുന്നേരം മൂന്നിനും വൈകിട്ട് എഴിനുമാണ് അക്രമി ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലെത്തിയത്. ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലെ സിസിടിവിയിലാണ ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.

വൈകുന്നേരം മൂന്നിന് ഗൗരിയുടെ വീടിനു മുന്നിലൂടെ വെള്ള ഷര്‍ട്ടും കറുത്ത ഹെല്‍മറ്റും ധരിച്ചാണ് അക്രമി കടന്നുപോയതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. വൈകിട്ട് ഏഴിന് ഇയാള്‍ വീണ്ടും ഇവിടെ എത്തിയതായും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്നാണ് രാത്രി എട്ടോടെയാണ് കൊലപാതകം നടക്കുന്നത്. 

ജോലി സ്ഥലത്തുനിന്നും കാറിലെത്തിയ ഗൗരിയെ ഗേറ്റ് തുറക്കുന്നതിനിടെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഗൗരി വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണു. കൊലപാതകി രക്ഷപ്പെട്ട ശേഷം ഒരാള്‍ ഗൗരിക്ക് അരികിലേക്ക് എത്തുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. 

കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും കൊലപാതകിയെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും കൊലയാളിയിലേക്ക് എത്താനുള്ള തുമ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.