കൊച്ചി: പൈലറ്റുമാര്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യ ജീവനക്കാരുടെ ബ്രീത്ത് അനലൈസര്‍ പരിശോധന കര്‍ശനമാക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. ജോലിക്കിടെ ജീവനക്കാര്‍ മദ്യപിക്കുന്നുവെന്ന ആരോപണം വര്‍ധിച്ചതോടെയാണ് തീരുമാനം. മുന്‍പ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഭൂരിഭാഗം ജീവനക്കാരും പരിശോധനക്ക് വിധേയരാകാന്‍ തയ്യാറായിരുന്നില്ല. 130 പൈലറ്റുമാരും 430 ജീവനക്കാരും പരിശോധനക്ക് വിസമ്മതിച്ചതായി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. വിമാനം യാത്ര തുടങ്ങുന്നതിനു മുമ്പു ശേഷവും പൈലറ്റടക്കമുള്ളവരെ നിര്‍ബന്ധമായും പരിശോധിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.