ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറാന്‍ ബ്രിട്ടണ്‍ രൂപീകരിച്ച ബില്ലില്‍ അപ്രതീക്ഷിത ഭേദഗതി. ബില്‍ പാസാക്കാനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ ശ്രമം വിമത എം.പിമാര്‍ അട്ടിമറിച്ചു. അവസാന ധാരണയില്‍ എല്ലാ ബ്രക്‌സിറ്റ് നടപടി ക്രമങ്ങളും പാര്‍ലമെന്റിന്റെ അനുമതിയോടെയായിരിക്കണമെന്ന അവശ്യം ഭേദഗതിയിലൂടെ പാസാക്കി.
ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയ്ക്ക് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ഭരണപക്ഷത്തെ അംഗങ്ങള്‍ തന്നെ ബില്‍ അട്ടിമറിച്ചത്. സ്റ്റീഫന്‍ ഹാമ്മോണ്ടിന്റെ നേതൃത്ത്വത്തില്‍ 11 എം.പിമാര്‍ പ്രതിപക്ഷത്തിനൊപ്പം വോട്ട് ചെയ്തു. ബ്രെക്‌സിറ്റിലെ അവസാന ധാരണയില്‍ പാര്‍ലമെന്റിന് വോട്ട് വേണമെന്ന അവശ്യം 305 നെതിരെ 309 വോട്ടുകള്‍ക്ക് പാസായി.
അതേസമയം വിമത നീക്കത്തിന് നേതൃത്യം കൊടുത്ത സ്റ്റീഫന്‍ ഹാമ്മോണ്ടിനെ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി. 2019 ഓടെ യൂറോപ്യന്‍ യൂണിയന്‍ വിടാനൊരുങ്ങുകയാണ് ബ്രിട്ടണ്‍. ശേഷം യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായുള്ള ബന്ധം എങ്ങിനെയായിരിക്കണമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
അയര്‍ലാന്‍ഡുമായുള്ള അതിര്‍ത്തി സംബന്ധിച്ചും, യൂറോപ്യന്‍ യൂണിയനുമായുള്ള സാമ്പത്തിക ബാധ്യതകളെപ്പറ്റിയും കഴിഞ്ഞയാഴ്ചയാണ് ധാരണയായത്. അതിന് പിന്നാലെയാണ് തെരേസ മേയ്ക്ക് പുതിയ തലവേദനയായി ഭേദഗതി പാസായിരിക്കുന്നത്. നിലവിലെ ബ്രക്‌സിറ്റ് നീക്കങ്ങള്‍ക്ക് തടസ്സമുണ്ടാവില്ല എന്നത് മാത്രമാണ് ആശ്വാസം.
