സഹകരണത്തിനുള്ള പത്തു വഴികൾ നിർദ്ദേശിക്കുന്നതാകും പ്രഖ്യാപനം ഇന്ത്യയ്ക്കും ഇറാനും ഇടയിലുള്ള തന്ത്രപ്രധാന ധാരണകൾ നടപ്പാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആവശ്യപ്പെട്ടു.

ദില്ലി: ബ്രിക്സ് ഉച്ചകോടിക്കുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഏതാണ്ട് ധാരണയായി എന്ന് സൂചന. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഒരു രാജ്യത്തിന്റെയും പേര് പരാമർശിക്കാതെ നിലപാട് വ്യക്തമാക്കാനാണ് ധാരണ. ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ പൊതു പേയ്മെന്റ് സംവിധാനത്തിനുള്ള ധാരണയും ഉച്ചകോടിയിൽ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബി കിരീടാവകാശി അടക്കമുള്ള നേതാക്കളുമായി ഇന്ന് പ്രത്യേക ചർച്ച നടത്തി.

ബ്രിക്സ് ഉച്ചകോടിക്കായിട്ടുള്ള സംയുക്ത പ്രഖ്യാപനത്തിന്റെ കാര്യത്തിൽ നേരത്തെ വലിയ തർക്കം നിലനിന്നിരുന്നു. യുഎഇയും സൗദി അറേബ്യയും ഇറാന്റെ നിർദ്ദേശങ്ങളെ എതിർത്തു. പശ്ചിമേഷ്യൻ സംഘർഷവും റഷ്യ-യുക്രെയ്ൻ സംഘർഷവും അടക്കം പരിഹരിക്കണമെന്ന പൊതു നിർദ്ദേശം പ്രഖ്യാപനം മുന്നോട്ടുവെക്കും. എന്നാൽ ഏതെങ്കിലും രാജ്യങ്ങൾക്ക് എതിരെന്നു തോന്നുന്ന പരാമർശങ്ങൾ പ്രഖ്യാപനത്തിൽ ഉണ്ടാകില്ല.

ഒരു രാജ്യവും മറ്റൊരു രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ലംഘിക്കരുത് എന്ന നിർദ്ദേശമായിരിക്കും പ്രഖ്യാപനത്തിൽ ഉൾക്കൊള്ളിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റിനോടും ഇറാൻ പ്രസിഡന്റിനോടും നടത്തിയ ചർച്ചകളിലും ഇക്കാര്യം ഉയർന്നുവന്നു എന്നാണ് സൂചന. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല എന്നുള്ള ഇന്ത്യൻ നയവും ബ്രിക്സ് പ്രഖ്യാപനത്തിൽ ഇടംപിടിക്കും. ബ്രിക്സ് രാജ്യങ്ങൾക്ക് ഇടയിൽ പൊതു പേയ്മെന്റ് സംവിധാനത്തിനും ചർച്ച നടക്കും.

ഡോളറിനെ ആശ്രയിക്കാതെ ഓരോ രാജ്യത്തെയും ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പരസ്പരം ഉപയോഗിക്കുന്നതിൽ ധാരണയുണ്ടാക്കാനാണ് നീക്കം. ബ്രിക്സ് കറൻസിക്കുള്ള നിർദ്ദേശം ഇന്നലെ ഇറാൻ മുന്നോട്ടുവെച്ചെങ്കിലും പൊതു കറൻസി തൽക്കാലം ഉണ്ടാകാൻ സാധ്യതയില്ല. സാമ്പത്തിക രംഗത്തെ സഹകരണത്തിന് ഊന്നൽ നൽകുന്ന പത്തിന പരിപാടിയാകും സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുക എന്നാണ് സൂചന. ഇതിനിടെ ബ്രിക്സ് യൂറോപ്യൻ രാജ്യങ്ങൾക്ക് എതിരല്ല എന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കി. റഷ്യ യൂറോപ്പിനെ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്ന ആരോപണെ ഉച്ചകോടിക്കിടെ ഒരു വാർത്താ ഏജൻസിയോട് സംസാരിക്കുമ്പോൾ റഷ്യൻ പ്രസിഡന്റ് തള്ളിക്കളഞ്ഞു.

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യൻ സംഘർഷം ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യൻ സമൂഹത്തിന് യുഎഇ നൽകുന്ന പിന്തുണയ്ക്ക് അബുദാബി കിരീടാവകാശിക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കു നീക്കം നേരിടുന്ന പ്രതിസന്ധിയും രണ്ട് നേതാക്കളും ചർച്ച ചെയ്തു. എത്യോപ്യ, മലേഷ്യ , വിയറ്റ്നാം എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരെയും നരേന്ദ്ര മോദി ഇന്ന് പ്രത്യേകം കണ്ടു.

YouTube video player