ഭര്‍ത്താവിനായി നവവധുവൊരുക്കിയ വിഷക്കണിയില്‍ ഇരയായത് ഭര്‍തൃകുടുംബത്തിലെ 13 പേര്‍.  വധുവിന്റെ സമ്മതമില്ലാതെ നടത്തിയ വിവാഹമാണ് ദുരന്തത്തില്‍ കലാശിച്ചത്. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. കുട്ടികളടക്കമുള്ള 14 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തെക്കന്‍ പഞ്ചാബിലെ മുസാഫര്‍ഗര്‍ സ്വദേശിനി ആസിയയെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ആസിയയുടെ വിവാഹം നടന്നത്. വിവാഹത്തില്‍ താല്‍പര്യമില്ലാതിരുന്ന ആസിയ ഒളിച്ചോടാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും മാതാപിതാക്കളുടെ ഇടപെടല്‍ ഒളിച്ചോട്ട ശ്രമം പൊളിക്കുകയായിരുന്നു. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനൊപ്പം പോകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യുവതി വിഷക്കെണി ഒരുക്കിയത്. ഭര്‍ത്താവിന് നല്‍കിയ പാലില്‍ ചേര്‍ക്കാനുള്ള വിഷം എത്തിച്ച് നല്‍കിയത് ആസിയയുടെ കാമുകനാണെന്നാണ് പൊലീസ് നിഗമനം. 

ആസിയ നല്‍കിയ വിഷം കലര്‍ന്ന പാല്‍ ഭര്‍ത്താവ് കുടിക്കാതിരുന്നതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് ലസി തയ്യാറാക്കാനായി എടുത്തതാണ് ദുരന്ത കാരണം. തുടക്കത്തില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച സംഭവം. പൊലീസ് അന്വേഷണത്തില്‍ കൊലപാതമാണെന്ന് കണ്ടെത്തുകയായിരുന്നു. ആസിയ കുറ്റം സമ്മതിച്ചതായി  മുസാഫര്‍ഗര്‍ പൊലീസ് വ്യക്തമാക്കി.