ഹൈദരാബാദ്: വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് വധു വരനെ പച്ചയ്ക്ക് തീകൊളുത്തി. കാമുകന്‍റെ സഹായത്തോടെയാണ് പെണ്‍കുട്ടി ഈ കൊടുംകൃത്യം ചെയ്തത്. തെലുങ്കാനയിലെ ജാങ്കോണ്‍ ജില്ലയിലെ മധറാം എന്ന സ്ഥലത്താണ് ഈ സംഭവം അരങ്ങേറിയത്. യുവാവ് മരിക്കും എന്ന് ഉറപ്പിച്ച പെണ്‍കുട്ടി അത് ആത്മഹത്യശ്രമമാണ് എന്ന് വരുത്താനും ശ്രമിച്ചിരുന്നു. പക്ഷെ ഗുരുതരമായ പൊള്ളലേറ്റ യുവാവ് ആശുപത്രിയിലെ അത്യസന്ന നിലയില്‍ നിന്നും നല്‍കിയ മൊഴിയാണ് യുവതിയുടെയും കാമുകന്‍റെയും ക്രൂരതയെ പുറംലോകത്ത് എത്തിച്ചത്.

യക്കയ്യ എന്ന ഇരുപത്തിരണ്ടുകാരനെയാണ് തീകൊളുത്തിയത്. ഫെബ്രുവരി 19ന് ആയിരുന്നു സംഭവം. ഇയാളുടെ വധുവായി നിശ്ചയിക്കപ്പെട്ട അരോജി അരുണയും കാമുകനായ ബാലസ്വാമിയും സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലാണ്. ഫെബ്രുവരി 21നായിരുന്നു അരുണയും യക്കയ്യയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. ബാലസ്വാമിയും അരുണയും തമ്മിലുള്ള ബന്ധം വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് തിടുക്കപ്പെട്ട് വിവാഹം നിശ്ചയിച്ചത്. വിവാഹത്തിന് അരുണ എതിര്‍പ്പോന്നും പ്രകടിപ്പിച്ചില്ലെന്ന് വീട്ടുകാര്‍ ഓര്‍ക്കുന്നു. 

പിന്നീട് ബാലസ്വാമിയും, അരുണയും ചേര്‍ന്ന് യക്കയ്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുടെ വരന്‍ മരണപ്പെട്ടാല്‍ മറ്റാരും വിവാഹം കഴിക്കാന്‍ എത്തില്ലെന്നും, അതിനെ തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പില്ലാതെ ഒന്നാകാം എന്നായിരുന്നു അവരുടെ പദ്ധതി. ഫെബ്രുവരി 18ന് യക്കയ്യയുടെ പുതിയ വീട്ടിന്‍റെ ഗൃഹപ്രവേശന ചടങ്ങില്‍ അരുണ പങ്കെടുത്തിരുന്നു. 

തൊട്ടടുത്ത ദിവസം അരുണയുടെ വീടിന് സമീപത്തെത്താൻ യക്കയ്യയ്ക്ക് അരുണ നിർദ്ദേശം നൽകി. ഇതനുസരിച്ചാണ് മധറാം എന്ന സ്ഥലത്ത് അരുണയുടെ വീടിന് സമീപം ഈ യുവാവ് എത്തിയത്.

ഇവിടെ വച്ച് അരുണയുടെ സഹായത്തോടെ ബാലസ്വാമിയാണ് യകൈയയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഇതിന് ശേഷം ഇരുവരും ഇവിടെ നിന്ന് മുങ്ങി. യകൈയ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇരുവരുടെയും ശ്രമം. എന്നാൽ യകൈയയുടെ മൊഴി ഇരുവരെയും കുടുക്കി, പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജങ്കോൺ വാറങ്കൽ ദേശീയപാത ഉപരോധിച്ചു.