മാവേലിക്കര: കാമുകനോടൊപ്പം പോകുവാന്‍ കോടതിയില്‍ മകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതോടെ വീടുവിറ്റും വിവാഹത്തിനൊരുങ്ങിയ അര്‍ബുദരോഗിയായ വളര്‍ത്തമ്മ ആശുപത്രി കിടക്കയില്‍ തനിച്ചായി. വള്ളികുന്നം കാരാഴ്മ സ്വദേശിയായ വീട്ടമ്മയാണ് തന്‍റെ ജീവിതത്തിന്‍റെ അവസാന വേളയില്‍ താങ്ങാകുമെന്ന് പ്രതീക്ഷിച്ച മകളും ചതിച്ചതോടെ നിരന്തരം പിടിമുറുക്കുന്ന അര്‍ബുദ രോഗത്തോട് മല്ലടിച്ച് ആശുപത്രി കിടക്കയില്‍ കഴിയുന്നത്. 

വിവാഹ ഒരുക്കം നടക്കുന്നതിനിടെയാണ് ഇവര്‍ എടുത്തു വളര്‍ത്തിയ മകള്‍ കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്‌ക്കൊപ്പം ഒളിച്ചോടിയത്. ശനിയാഴ്ച രാവിലെ വിവാഹത്തിന് മുല്ലപ്പൂ വാങ്ങാനെന്നും പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട മനസും കാഴ്ചകള്‍ക്ക് മങ്ങലേറ്റ കണ്ണുമായി അവര്‍ ആശുപത്രി കിടക്കയില്‍ നിസഹായയായി കഴിയുകയാണ്. 

ഏറെ നേരം കഴിഞ്ഞിട്ടും വരാതിരുന്നപ്പോള്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. അത് സ്വിച്ച് ഓഫായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ മുറിയില്‍ കയറി പരിശോധിച്ചപ്പോഴാണ് കാമുകനൊപ്പം പോവുകയാണെന്ന് പറഞ്ഞ് എഴുതിവച്ച കത്ത് കിട്ടിയത്. ബന്ധുക്കള്‍ വള്ളികുന്നം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തു നിന്നും ഇവരെ പിടികൂടുകയായിരുന്നു. ഇരുവരെയും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ വളര്‍ത്തമ്മയ്‌ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി തയാറായില്ല. 

തുടര്‍ന്ന് കാമുകന്‍റെ അച്ഛനും അമ്മയും പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പെണ്‍കുട്ടി ഒളിച്ചോടി പോയ വിവരമറിഞ്ഞതോടെ അര്‍ബുദ രോഗിയായ വളര്‍ത്തമ്മ തളര്‍ന്നു വീണു. കാരാഴ്മ സ്വദേശികളായ ദമ്പതികള്‍ മക്കളില്ലാത്തതിനാല്‍ രണ്ടു വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ദത്തെടുക്കുകയായിരുന്നു. മകളെ ഏറെ താലോലിച്ചു വളര്‍ത്തിയ ഇവര്‍ക്ക് ആദ്യത്തെ ആഘാതം ഭര്‍ത്താവിന്റെ മരണമായിരുന്നു. 

അര്‍ബുദ രോഗബാധയെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചത്. 42 വയസ് മാത്രം പ്രായമുള്ള ഇവരുടെ 30-ാമത്തെ വയസിലാണ് ഭര്‍ത്താവ് മരിച്ചത്. പിന്നീട് മകളെ ഏറെ കഷ്ടപ്പെട്ട് ഇവര്‍ വളര്‍ത്തി. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച അഞ്ചു സെന്‍റ് സ്ഥലവും അതിലുണ്ടായിരുന്ന വീടും വിറ്റാണ് ഇവര്‍ വളര്‍ത്തു മകളെ വിവാഹം കഴിച്ചയപ്പിക്കാന്‍ തീരുമാനിച്ചത്. 

ഇപ്പോള്‍ താമസിക്കുന്ന വാടക വീട്ടില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴാണ് പെണ്‍കുട്ടി 17 കാരനൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്.