കൊച്ചിക്ക് സ്വപ്ന സാക്ഷാത്കാരമായി ഇടപ്പള്ളി മേല്‍പ്പാലം യാഥാര്‍ത്ഥ്യമായി.കേരളത്തിലെ തന്നെ തിരക്കേറിയ ജംഗ്ഷനായ ഇടപ്പള്ളിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് പാലം തുറന്നത്.

ഇടപ്പള്ളി സെന്‍റ് ജോര്‍ജ്ജ് പള്ളിക്ക് മുന്നില്‍ നിന്ന് ആരംഭിച്ച് ടോളില്‍ അവസാനിക്കുന്ന പാലത്തിന്‍റെ നീളം 480 മീറ്ററാണ്. കൊച്ചി മെട്രോയ്‌ക്കൊപ്പം തന്നെ മേല്‍പാലനിര്‍മാണവും നടക്കണമെന്ന ഡിഎംആര്‍സിയുടെ നിര്‍ദ്ദേശം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.49 കോടിക്ക് എസ്റ്റിമേറ്റിട്ട് പാലം 11 കോടി കുറച്ച് 38 കോടിക്ക് പൂര്‍ത്തിയാക്കിയതിന് ഡിഎംആര്‍സിക്ക് അഭിമാനിക്കാം. തിരക്കില്‍ വലയുന്ന കൊച്ചിക്കാര്‍ക്കൊപ്പം ദേശീയപാതയിലൂടെ കടന്നു പോകുന്നവര്‍ക്കെല്ലാം ആശ്വാസമാകും പാലം.

ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പൂര്‍ണമായും പരിഹരിക്കാന്‍ മേല്‍പാലത്തിന് കഴിയാത്തതിനാല്‍ മറ്റ് നിര്‍ദ്ദേശ്ശങ്ങളും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ദേശീയപാത 17നെയും, ബൈപാസിനെയും ബന്ധിപ്പിച്ച്അടിപ്പാതയും, ടോള്‍ ജംഗ്ഷനില്‍ നിന്ന് മറ്റൊരു മേല്‍പാലവും ഡിഎംആര്‍സി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇവ കൂടി യാഥാര്‍ത്ഥ്യമാക്കുമെന്ന പ്രതീക്ഷയിലാണ് നഗരവാസികള്‍.