'അമ്മ' സമ്മർദ്ദത്തിൽ മറുപടിക്ക് കാത്ത് ഡബ്ള്യുസിസി അമ്മക്കെതിരെ ബൃന്ദയും കടകംപള്ളിയും
ദില്ലി:ദീലീപിനെ തിരിച്ചെടുത്ത 'അമ്മ'ക്കെതിരായ പ്രതിഷേധം കടുക്കുന്നു. അമ്മയുടെ സ്ത്രീവിരുദ്ധ നിലപാടുകൾ അപമാനകരമാണെന്ന് സിപിഎം നേതാവ് ബൃന്ദാകാരാട്ട് വിമർശിച്ചു. അമ്മയുടെ ഔദ്യോഗിക മറുപടിക്കായി കാത്തിരിക്കുകയാണ് വനിതാസിനിമാ കൂട്ടായ്മ. സംഘടന രൂപീകരിച്ചശേഷം ഇത്രയേറെ സമ്മർദ്ദവും എതിർപ്പും അമ്മ നേരിട്ടിട്ടില്ല. ഡബ്ള്യുസിസിയുടെ ആവശ്യപ്രകാരം എക്സികുട്ടീവ് വിളിക്കാൻ നേതൃത്വം സമ്മതിച്ചത് എതിർപ്പ് തണുപ്പിക്കാനായിരുന്നു. സംഘടനയിലേക്കില്ലെന്ന ദിലീപിന്‍റെ കത്തോടെ വിവാദം കെട്ടടങ്ങുമെന്ന അമ്മയുടെ കണക്ക് കൂട്ടൽ തെറ്റിയിരിക്കുകയാണ്.
പ്രിഥ്വിരാജിനും പി. ബാലചന്ദ്രനും പിന്നാലെ കൂടുതൽ അംഗങ്ങൾ വിമര്‍ശനത്തിന് മുതിരുമോ എന്ന ആശങ്കയും അമ്മയ്ക്കുണ്ട്. ചെന്നൈയിലേയും യുകെയിലെയും ഷൂട്ടിംഗുകൾക്ക് ശേഷം ജുലൈ രണ്ടാം വാരത്തോടെ അമ്മ പ്രസിഡണ്ട് മോഹൻലാൽ കേരളത്തിലെത്തും. മറ്റ് ഭാരവാഹികൾ മോഹൻലാലുമായി ആശയവിനിമയം നടത്തുന്നുണ്ട്.
ഡബ്ള്യുസിസി ആവശ്യപ്പെട്ട പ്രകാരം ജുലൈ 13,14 തിയ്യതികളിൽ അമ്മ എക്സിക്യൂട്ടീവ് ചേരാൻ സാധ്യതയില്ല. യോഗം വിളിക്കാൻ ആവശ്യപ്പെട്ട് നൽകിയ കത്തിനുള്ള അമ്മയുടെ ഔദ്യോഗിക മറുപടിക്കായി ഡബ്ള്യുസിസി കാത്തിരിക്കുകയാണ് . പ്രതിഷേധം കേരള സമൂഹം ഏറ്റെടുത്തത് നേട്ടമായെങ്കിലും അമരത്തുണ്ടായിരുന്ന മഞ്ജുവാര്യരുടെ മൗനം ഡബ്ള്യുസിസി നേരിടുന്ന പ്രധാന ചോദ്യമാണ്. അമേരിക്കയിലെയും യുകെയിലും അവാർഡ് ചടങ്ങുകൾക്ക് ശേഷം ജുലൈ രണ്ടാം വാരത്തോടെ മജ്ഞു തിരിച്ചെത്തും.
