സിപിഎം നേതാവ് എകെ ബാലനെതിരെ പ്രകോപന പ്രസംഗവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിനു ചുള്ളിയിൽ. ഇനിയും വിഷം വമിപ്പിച്ചാൽ തെരുവുപട്ടിയെ പോലെ കൈകാര്യം ചെയ്യുന്നപോലെ കൈകാര്യം ചെയ്യുമെന്ന് ബിനു ചുള്ളിയിൽ.
കോഴിക്കോട്: മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലനെതിരെ പ്രകോപന പ്രസംഗവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിനു ചുള്ളിയിൽ. എകെ ബാലൻ സംഘ്പരിവാറിനേക്കാള്‍ ശക്തിയിൽ വര്‍ഗീയത പറയുകയാണെന്നും ബിനു ചുള്ളിയിൽ ആരോപിച്ചു. എകെ ബാലനെ പോലെയുള്ളവര്‍ കേരളത്തിന്‍റെ തെരുവിലിറങ്ങി ഇനിയും വിഷം വമിപ്പിച്ചാൽ തെരുവുപട്ടിയെ പോലെ കൈകാര്യം ചെയ്യുന്നപോലെ കൈകാര്യം ചെയ്യേണ്ടിവരുന്ന സാമൂഹിക സാഹചര്യം ഈ കേരളത്തിലുണ്ടാകുമെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. കോഴിക്കോട് ഇന്നലെ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരവേദിയിലാണ് വിവാദ പ്രസംഗം. നാട് മറക്കാൻ ആഗ്രഹിക്കുന്ന മാറാടിനെ കുറിച്ച് വീണ്ടും ബാലൻ ഓര്‍മിപ്പിക്കുകയാണ്. ജമാഅത്തിനെ കൂട്ടു പിടിച്ച് ഒരു വിഭാഗത്തിനെതിരെ വര്‍ഗീയത പറയുകയാണ് എകെ ബാലനെന്നും ബിനു ചുള്ളിയിൽ ആരോപിച്ചു.ജാതി മത ചിന്തകള്‍ക്ക് അപ്പുറത്ത് ഒരു നാട് മുന്നോട്ട് പോകുമ്പോള്‍ ഒരു ഭരണകൂടം തന്നെ ജാതീയമായും മതപരമാവുമായുള്ള വേര്‍തിരിവുണ്ടാക്കാൻ ബോധപൂര്‍വമായ ശ്രമം നടത്തുകയാണെന്നും ബിനു ചുള്ളിയിൽ കുറ്റപ്പെടുത്തി.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാ അത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമായിരുന്നു മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍റെ വാക്കുകള്‍. പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാ അത്തെ ഇസ്ലാമി ബാലന് വക്കീല്‍ നോട്ടീസയച്ചിരുന്നു. എകെ ബാലന്‍റെ ഈ പ്രസ്താവനക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിനു ചുള്ളിയിൽ രൂക്ഷ മറുപടിയുമായി രംഗത്തെത്തിയത്. അതേസമയം, മാറാട് കലാപവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ ജമാ അത്തെ ഇസ്ലാമിയോട് മാപ്പ് പറയാനില്ലെന്നാണ് എ കെ ബാലന്‍റെ നിലപാട്. ജമാ അത്തെ ഇസ്ലാമി അയച്ച വക്കീല്‍ നോട്ടീസ് വസ്തുതാപരമല്ലെന്നും പരാമര്‍ശത്തിന്‍റെ പേരില്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും എകെ ബാലൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
എല്‍ഡിഎഫ് വന്നാലെ മതസൗഹാര്‍ദം നിലനില്‍ക്കൂവെന്ന അര്‍ത്ഥത്തിലാണ് മാറാട് കലാപം പരാമര്‍ശിച്ചതെന്നും ബാലന്‍ വിശദീകരിച്ചിരുന്നു. മന്ത്രി എം ബി രാജേഷ് അടക്കമുള്ളവരും ബാലനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. യുഡിഎഫ് ഭരിക്കുമ്പോളാണ് കേരളത്തില്‍ വര്‍ഗീയ കലാപങ്ങളുണ്ടായതെന്നും ഇടത് ഭരണത്തില്‍ വര്‍ഗീയ ശക്തികള്‍ തലപൊക്കിയിട്ടില്ലെന്നും എംബി രാജേഷ് പറഞ്ഞിരുന്നു. അതേസമയം, മാറാട് വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മാറാട് കലാപം നടക്കുമ്പോള്‍ ജമാ അത്തെ ഇസ്ലാമി സിപിഎമ്മിനൊപ്പമാണെന്ന് പറഞ്ഞ കെസി വേണുഗോപാൽ, സംഘപരിവാര്‍ പറയാന്‍ മടിക്കുന്ന കാര്യമാണ് മുഖ്യമന്ത്രി പറയുന്നതെന്നും ആരോപിച്ചിരുന്നു.



