സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലല്ല ചെങ്ങന്നൂര്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ബൃന്ദാ കാരാട്ട്

ചെങ്ങന്നൂര്‍: നവകേരള സൃഷ്‌ടിക്കായി ആരുടെയും വോട്ട് സ്വീകരിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. അഞ്ച് വര്‍ഷമാകാതെ ഒരു സര്‍ക്കാരിനെയും വിലയിരുത്താനാകില്ലെന്നും ബൃന്ദാ കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കര്‍ണ്ണാടകയിലെ പ്രതിസന്ധിക്ക് കാരണം കോണ്‍ഗ്രസാണെന്നും ബൃന്ദാ കാരാട്ട് കുറ്റപ്പെടുത്തുന്നു.

ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് കോടിയേരിയും മാണിയെ വേണ്ടെന്ന് കാനം രാജേന്ദ്രനും പറഞ്ഞിരുന്നു.എല്‍ഡിഎഫില്‍ തര്‍ക്കം നിലനില്‍ക്കുമ്പോള്‍ പി.ബി അംഗം വൃന്ദ കാരാട്ടിന് ആശയക്കുഴപ്പമില്ല.തെരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ബൃന്ദ അഭിപ്രായപ്പെട്ടു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് പ്രാദേശിക വികസനം മാത്രമാണ്. ഭരണത്തിന്റെ വിലയിരുത്തലാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പെന്ന മന്ത്രിമാരുടെ അഭിപ്രായത്തോടും പി.ബി അംഗത്തിന് യോജിപ്പില്ല. ചെങ്ങന്നൂരില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും സംസ്ഥാന ഭരണം അഞ്ച് വർഷങ്ങൾക്ക് ശേഷമാകും വിലയിരുത്തപ്പെടുകയെന്ന് ബൃന്ദ പറഞ്ഞു.

കര്‍ണ്ണാടകയില്‍ ഗവര്‍ണ്ണര്‍ കുതിക്കച്ചവടത്തിന് ലൈസന്‍സ് നല്‍കിയിരിക്കുന്നു. ഈ സ്ഥിതിക്ക് കോണ്‍ഗ്രസാണ് കുറ്റക്കാര്‍. കോണ്‍ഗ്രസിന് ഇതൊരു പാഠമാകണം. അവർക്ക് തിരിച്ചടിയായത് മൃദു ഹിന്ദുത്വ സ്വഭാവത്തിലുള്ള പ്രചാരണം കൊണ്ടാണെന്നും ബൃന്ദ കാരാട്ട് ആരോപിക്കുന്നു.