ബ്രിട്ടീഷ് എംപി ജോ കോക്‌സിന്റെ മരണത്തെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന പ്രചരണം വീണ്ടും ചൂട് പിടിച്ചതോടെയാണ് ഹിതപരിശോധനയെ എതിര്‍ത്തും അനുകൂലിച്ചുമുള്ള വാദങ്ങള്‍ ശക്തി പ്രാപിച്ചത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരും അതല്ല വിട്ടു പോരണമെന്ന് വാദിക്കുന്നവരും നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് സാമ്പത്തിക അരക്ഷിതാവസ്ഥക്ക് വഴിവക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രതികരിച്ചു. അത്തരം ഒരു നിലപാട് സ്വീകരിച്ചാല്‍, പിന്നെ ഒരു തിരിച്ചു വരവിന് അവസരമുണ്ടാകില്ലെന്നും കാമറൂണ്‍ പറഞ്ഞു. അടുത്ത ഒരു പതിറ്റാണ്ടോളം ഇതിന്റെ ദുരനുഭവങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണും ഈ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി. യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന നിലപാട് രാജ്യത്തെ തൊഴിലാളികള്‍ക്ക് ഗുണകരമാവില്ലെന്ന് ഓസ്‌ബോണ്‍ വ്യക്തമാക്കി. അതേസമയം യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് വാദിക്കുന്നവരില്‍ പ്രമുഖര്‍ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ യുകെഐപിയാണ്. ബ്രിട്ടന് സ്വന്തം അസ്ഥിത്വം തെളിയിക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നതെന്നാണ് യുകെഐപിയുടെ നിലപാട്. ഇതിനിടയില്‍ ഹിതപരിശോധനയുടെ ഭാവി പ്രവചിച്ച് അഭിപ്രായ വോട്ടെടുപ്പ് ഫലം പുറത്തു വന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് വാദിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാകും ഹിതപരിശോധനാ ഫലമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്.