ലണ്ടന്‍: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ഒരു വനിതയാകുമെന്ന് ഏതാണ്ട് ഉറപ്പായി. ഭരണ കക്ഷിയായ കൺസർവേറ്റിവ് പാർട്ടിയിൽ പ്രധാന മന്ത്രിസ്ഥാനത്തിനായുള്ള മത്സരം അവസാന ഘട്ടത്തിൽ എത്തിയപ്പോൾ ആഭ്യന്തര സെക്രട്ടറി തെരേസ മേ, ഊർജ്ജ സെക്രട്ടറി ആൻഡ്രിയാ ലീഡ്സം എന്നിവർ വ്യക്തമായ മേൽക്കൈ കരസ്ഥമാക്കി.
ബ്രൈക്സിറ്റ് തിരിച്ചടിക്ക് ഒടുവിൽ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ രാജി പ്രഖ്യാപിച്ചതോടെയാണ് ബ്രിട്ടൻ പ്രധാമമന്ത്രി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. തുടക്കത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അഞ്ച് പേരുകൾ ഉയർന്നു വന്നെങ്കിലും കൺസർവേറ്റീവ് പാർട്ടി എംപിമാർക്കിടയിൽ നടത്തിയ രണ്ട് വോട്ടോടുപ്പുകൾക്കൊടുവിൽ അവശേഷിക്കുന്നത് രണ്ട് വനിതകൾ മാത്രം. ഇതിൽത്തന്നെ ആഭ്യന്തര സെക്രട്ടറി തെരേസ മേയ്ക്കാണ് മുൻതൂക്കം.
രണ്ടാംവട്ട വോട്ടെടുപ്പിൽ മേ 199 വോട്ടിന്റെ വ്യക്തമായ മുൻതൂക്കം നേടി. 84 വോട്ടുകൾ നേടി ഊർജ്ജ സെക്രട്ടറി ആൻഡ്രിയാ ലീഡ്സം രണ്ടാം സ്ഥാനത്തെത്തി. ഊർജ്ജ സെക്രട്ടറി മൈക്കിൾ ഗോവിന് 46 വോട്ടുകൾ മാത്രമേ നേടാനായുള്ളു. മേ, ലീഡ്സം എന്നിവരിൽ ഒരാൾ പിന്മാറാത്ത പക്ഷം പാർട്ടി അംഗങ്ങൾക്കിടയിൽ നടക്കുന്ന പോസ്റ്റൽ വോട്ടെടുപ്പിൽ ജയിക്കുന്നവർ നേതാവാകും.
ഇതിനുള്ള നടപടികൾ നാളെ തുടങ്ങും. പാർട്ടി അംഗങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ശക്തമായ പ്രചാരണത്തിനാണ് ഇരു വനിതകളും ലക്ഷ്യമിടുന്നത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണം എന്ന നിലപാടുകാരിയായിരുന്നു മേ. ലീഡ്സം ബ്രെക്സിറ്റ് വക്താവും. ഉരുക്കുവനിത മാർഗ്രറ്റ് താച്ചറിന് ശേഷം ബ്രിട്ടനെനയിക്കാൻ ഇവരിൽ ഈർക്കാണ് നിയോഗമെന്ന് അറിയാൻ സെപ്റ്റംബർ 9 വരെ കാത്തിരിക്കണം.
