മാരക പ്രഹരശേഷിയുള്ള ആയുധങ്ങളടക്കം ഉപയോഗിച്ച് ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തുരത്താന്‍ ഒരു ഇന്ത്യന്‍ നിര്‍മ്മിത വിദ്യയാണ് ഇപ്പോള്‍ ബ്രിട്ടീഷ് സൈന്യം ഉപയോഗിക്കുന്നത്. തോക്കും ബോംബുമൊന്നുമല്ല ബോളിവുഡ് പാട്ടുകളാണ് ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പേടിസ്വപ്നമെന്ന് ബ്രിട്ടനിലെ ഡെയ്‍ലി മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാനികളായ സൈനിക ഉദ്ദ്യോഗസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ചാണത്രെ ബ്രിട്ടീഷ് സൈന്യം പുതിയ ആയുധം കണ്ടുപിടിച്ചത്. തീവ്രവാദികളെ തുരത്താനും അവരുടെ ശക്തി ഇല്ലാതാക്കാനും സാധ്യമാകുന്ന എല്ലാ മാര്‍ഗങ്ങളും ബ്രിട്ടീഷ് സ്വീകരിക്കുയാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‍ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായാണ് ബോളിവുഡ് പാട്ടുകളും ഉപയോഗിക്കുന്നത്.

തങ്ങള്‍ അധീനപ്പെടുത്തുന്ന പ്രദേശത്തെല്ലാം കര്‍ശനമായ നിയമങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റ് അടിച്ചേല്‍പ്പിക്കുന്നത്. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാനോ മതപരമായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതല്ലാത്ത ഗാനങ്ങള്‍ ആലപിക്കാനോ ഈ പ്രദേശങ്ങളില്‍ ആരെയും അനുവദിക്കാറില്ല. അപ്പോള്‍ ചടുലമായ താളത്തോടും നിരവധി സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതുമായ ബോളിവുഡ് പാട്ടുകളാണ് അവരെ വെറുപ്പിക്കാന്‍ എറ്റവും അനിയോജ്യമെന്ന് സേന കണ്ടെത്തുകയായിരുന്നു.2004ലെ ഇറാഖ് അധിനിവേശ സമയത്തും പാശ്ചാത്യ സംഗീതം ഉപയോഗിച്ച് ഫലൂജയിലും പരിസരപ്രദേശങ്ങളിലുമുള്ള സദ്ദാം അനുകൂലികളെ അമേരിക്കന്‍ സൈന്യം പ്രകോപിപ്പിച്ചിരുന്നെന്ന് പിന്നീട് സെന്റ് പീറ്റേഴ്സ്ബര്‍ഗ് ടൈംസ് വെളിപ്പെടുത്തിയിരുന്നു. ഫലൂജ അടക്കമുള്ള പ്രദേശങ്ങള്‍ ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുമാണ്.