ഹാരി കെയ്നും കൂട്ടരും തോളിലേന്തിയിരിക്കുന്നത് ഒരു ജനതയുടെ സ്വപ്നങ്ങള്‍ ബ്രിക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാവുക 2019 മാര്‍ച്ചില്‍ 

ബ്രിട്ടണ്‍ രാഷ്ട്രീയമായി കൂടുതല്‍ ലോക ശ്രദ്ധയിലേക്കെത്തിയ നാളുകളായിരുന്നു കഴിഞ്ഞ നാല് വര്‍ഷങ്ങള്‍. 2014 ലെ ബ്രസീല്‍ ലോകകപ്പിന് ശേഷമാണ് ബ്രിട്ടണ്‍ ബ്രിക്സിറ്റ് ഹിതപരിശോധനയെ നേരിട്ടത്. 2016 ലാണ് ബ്രിട്ടണ്‍ യുറേപ്യന്‍ യൂണിയനില്‍ തുടരണമോ അതോ പുറത്തുപോകണമോ എന്ന ഹിതപരിശോധന രാജ്യമൊട്ടുക്കും നടത്തത്. ജനങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പുറത്ത് വരണമെന്ന് ഹിതപരിശേധനയിലൂടെ വിധിയെഴുതി. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ (ഇയു) നിന്ന് പുറത്ത് പോകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ തുടക്കം കുറിച്ചു. ബ്രിട്ടണും - ഇയുവും തമ്മിലുളള ധാരണപ്രകാരം 2019 മാര്‍ച്ചില്‍ ബ്രിട്ടണ്‍ ഇയുവിന് പുറത്തുവരും.

ഇയുവിന് പുറത്തേക്ക് പുറത്തേക്ക് പോകാനുളള തീരുമാനം യൂറോപ്യന്‍ മേഖലയില്‍ ബ്രിട്ടണ്‍ വൈകാരികമായി ഒറ്റപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ റഷ്യന്‍ ലോകകപ്പില്‍ പോരാട്ടത്തിനിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് ലോകകപ്പ് കിരീടധാരണത്തില്‍ കുറഞ്ഞ ലക്ഷ്യമെന്നുമില്ല. ലോകത്തെ സാക്ഷിയാക്കി മോസ്കോയില്‍ ഇംഗ്ലീഷ് പട ലോകകീരീടം എടുത്തുയര്‍ത്തിയാല്‍ അത് ബ്രിട്ടീഷ് രാഷ്ട്രീയ നേതൃത്വത്തിനും ജനതയ്ക്കും നല്‍കുന്ന ഉള്‍ക്കരുത്ത് മറ്റെന്തിനെക്കാളും വലുതായിരിക്കും. 1966 ലെ ചാമ്പ്യന്മാരായ അവര്‍ പക്ഷേ കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഈ ലോകകപ്പില്‍ ഗ്രൂപ്പ് ജിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലേക്ക് എത്തിയത്. പ്രീക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കൊളംബിയയെ മറികടന്നാണ് അവര്‍ ക്വാര്‍ട്ടറിന് യോഗ്യത നേടിയത്.

രാഷ്ട്രീയമായും വാണിജ്യമായും ബ്രിട്ടണ്‍ ഇന്ന് വലിയ മാറ്റത്തിന്‍റെ കാലഘട്ടത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ സര്‍ക്കാര്‍ ബ്രിക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇയുവിന് പുറത്തേക്ക് എത്താനുളള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധകൊടുത്ത് വരുകയാണ്. എന്നാല്‍, ഈ നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ വിദേശ വാണിജ്യ രംഗത്ത് ബ്രിട്ടണ്‍ വലിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ സാധ്യത കാണുന്നു. ഇയുവിന് പുറത്തേക്ക് എത്തിയാല്‍ വിദേശനയരൂപീകരണത്തില്‍ ബ്രിട്ടന്‍റെ വെല്ലുവിളികള്‍ വലുതാവും. ഓരോ യൂറോപ്യന്‍ രാജ്യത്തിനായും പ്രത്യേകം വിദേശനയ പരിപാടികള്‍ ബ്രിട്ടണിന് തയ്യാറാക്കേണ്ടിവരും. അത്തരം ശ്രമങ്ങള്‍ വിജയിക്കാതെ വന്നാല്‍ ഉണ്ടാവാനിടയുളള വിദേശ നാണയം ശേഖരത്തിലെ വലിയ കുറവ് അവരെ വലച്ചേക്കാം. ബ്രിക്സിറ്റ് നടപടി പൂര്‍ത്തികരണത്തോടെ ബ്രിട്ടന്‍റെ വ്യവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്പില്‍ വിപണി കണ്ടെത്താനും അവര്‍ വിഷമിക്കാനിടയായേക്കാം. 

ശക്തമായ സമ്പദ്ഘടനയുളള ബ്രിട്ടണിന് ഇയുവിന് പുറത്തേക്ക് എത്തിയാലും അത് നിലനിറുത്തേണ്ടതുണ്ട്. പക്ഷേ ഇയുവിന് വെളിയിലെത്തിയാല്‍ ബ്രിട്ടീഷ് സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാരിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. ഇയു നാണയമായ യൂറേയ്ക്ക് പകരം അവരുടെ സ്വന്തം കറന്‍സിയായ പൗണ്ട് സ്റ്റെര്‍ലിംഗിനെ ശക്തിപ്പെടുത്താനുളള നടപടികളും വേഗത്തിലാക്കി വരുകയാണ് തെരേസ മേ സര്‍ക്കാര്‍. 2018 ലെ റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് ഗോള്‍ഡ്മാന്‍ സാഷെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പരാമര്‍ശങ്ങളുള്ളത്.

ബ്രിട്ടന്‍റെ ബ്രിക്സിറ്റ് നടപടികള്‍ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തില്‍ അവര്‍ക്ക് റഷ്യന്‍ ലോകകപ്പില്‍ പരാജയം നേരിടേണ്ടി വന്നാല്‍ അത് മാനസികമായി ബ്രിട്ടീഷ് ജനതയെ ഏറെ തളര്‍ത്തും. സൂപ്പര്‍ ഫോമിലുളള ക്യാപ്റ്റന്‍ ഹാരി കെയ്നിന്‍റെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്ന ഇംഗ്ലീഷ് പട നല്ല ഫോമിലാണ് കളിച്ചുകയറുന്നത്. കാരണം, റഷ്യയില്‍ നിന്ന് മടങ്ങിയെത്തുന്ന തങ്ങളുടെ കൈയില്‍ ലോകകിരീടം ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് ജനതയെന്ന് ഹാരിക്കും കൂട്ടര്‍ക്കും നന്നായി അറിയാം. ലോകകിരീടം നേടി ബ്രിട്ടീഷ് ജനതയ്ക്കും സര്‍ക്കാരിനും തങ്ങളുടെ പിന്തുണ നല്‍കാനാവും ഇംഗ്ലണ്ട് ടീമിന്‍റെ ശ്രമം.