ബിജെപി എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റില്‍

ലക്നൗ: ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ച എംഎല്‍എയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുകയും അയാള്‍ ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു. യുപിയിലെ ബിജെപി എംഎല്‍എയായ കുല്‍ദീപ് സിംഗ് ശെന്‍ഗറിന്‍റെ സഹോദരന്‍ അതുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

അതുല്‍ പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിക്കുകയും എന്നാല്‍ ക്രൂരമായി മര്‍ദ്ദനമേറ്റ ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം പൊലീസ് അറസ്റ്റ് ചെയ്യുകയും ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കുകയുമായിരുന്നു. എംഎല്‍എയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

2017 ജൂണ്‍ 4 ന് അയല്‍ക്കാരിലൊരാള്‍ എംഎംഎല്‍എയുടെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നും എംഎല്‍എ ജോലി വാഗ്ദാനം ചെയ്തെന്നും യുവതി പറയുന്നു. പിന്നീട് വീട്ടുതടങ്കലില്‍ പാര്‍പിച്ച് എംഎല്‍എയും കൂട്ടാളികളും പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ജൂണ്‍ 13 ന് രക്ഷപ്പെട്ട ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും പിന്നീട് ആഗസ്റ്റ് 17 ന് ആദിത്യനാഥിനെ പരാതി അറിയിക്കുകുയം ചെയ്തു. എന്നാല്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറയുന്നു.

ഒത്തുതീര്‍പ്പിലെത്തുന്നതിനായി എംഎല്‍എയുടെയും കൂട്ടാളികളുടെയും ഭാഗത്ത് നിന്നും പല സമ്മര്‍ദങ്ങളുണ്ടായെന്നും ഇത് എതിര്‍ത്തതോടെ കള്ള കേസുകള്‍ പിതാവിനും അങ്കിളിനും നേരെ രജിസ്റ്റര്‍ ചെയ്തെന്നും യുവതി വ്യക്തമാക്കിയിരുന്നു. ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട യുവതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഓഫീസിന് മുന്നില്‍ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.