മേലുദ്യോഗസ്ഥരുടെ ക്രമക്കേടുകളെ ചോദ്യം ചെയ്ത ബിഎസ്ഫ് ജവാനെ പശ്ചിമബംഗാളിലെ ബിഎസ്എഫിന്‍റെ സെല്ലില്‍ അടച്ച് പീഡിപ്പിക്കുകയാണെന്ന് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ 5 ദിവസമായി മകനെക്കുറിച്ച് ഒരറിവും തങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് ആലപ്പുഴ സ്വദേശി ഷിബിന്‍ തോമസിന്‍റെ അച്ഛന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബിഎസ്എഫിലെ ഒരുദ്യോഗസ്ഥന്‍ തന്‍റെ മകനെ വെടിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷിബിന്‍റെ അച്ഛന്‍ പറഞ്ഞു.

13 വര്‍ഷം മുമ്പാണ് തോമസ് ജോണിന്‍റെ മകനും ആലപ്പുഴ സ്വദേശിയുമായ ഷിബിന്‍ തോമസ് ബിഎസ്ഫില്‍ ചേര്‍ന്നത്. അങ്ങനെയിരിക്കെ 2015 ഡിസംബര്‍ മാസം ബിഎസ്എഫ് ജവാന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍ന്ന അവകാശങ്ങളെക്കുറിച്ചറിയാന്‍ ഷിബിന്‍ വിവരാവകാശം നിയമപ്രകാരം അപേക്ഷനല്‍കി. ജവാന്‍മാര്‍ക്ക് കിട്ടേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഷിബിന് മറുപടി കൊടുത്തില്ലെന്ന് മാത്രമല്ല ഇല്ലാത്ത കാരണങ്ങള്‍ ഉണ്ടാക്കി ഷിബിനെ ബിഎസ്എഫില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

തുടര്‍ന്ന് പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും ബിഎസ്എഫിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഷിബിനെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിച്ചു. ബംഗാളിലെ 28-ാം ബറ്റാലിയനിലേക്ക് തിരിച്ച് വീണ്ടും ജോലിയില്‍ പ്രവേശിപ്പിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പ്രതികാര നടപടികള്‍ തുടരുകായിരുന്നുവെന്ന് ഷിബിന്‍റെ അച്ഛന്‍ പറഞ്ഞു.

അഞ്ചു ദിവസം മുമ്പ് തന്‍റെ മകനെ ബിഎസ്എഫിലെ ഉദ്യോഗസ്ഥര്‍ സെല്ലിലടച്ചെന്നും മകനെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ മകന്‍റെ ഫോണിലേക്ക് വിളിച്ചാല്‍ ആരും എടുക്കുന്നില്ല. തന്‍റെ മകനെ വെടിവെച്ച് കൊലപ്പെടുത്തുമെന്നാണ് അവിടുത്തെ ഒരു ഉദ്യോഗസ്ഥന്‍ മകനോട് പറ‍ഞ്ഞത്. തന്‍റെ മകന് ഇനി ആ ജോലി വേണ്ടെന്നും തിരിച്ചുകിട്ടിയാല്‍ മതിയെന്നും ഷിബിന്‍റെ അച്ഛന്‍ പറഞ്ഞു.