ആലപ്പുഴ: ബിഎസ്എന്‍എല്ലിന്‍റെ 4ജി സേവനം ആലപ്പുഴയില്‍ ആരംഭിച്ചു. അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല മേഖലകളിൽ നിലവിലുള്ള 92 3G ടവറുകൾ 4G യിലേക്ക് മാറ്റിക്കൊണ്ടാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ജില്ലയിൽ ബി.എസ്.എൻ.എൽ ആദ്യമായാണ് 4G സേവനങ്ങൾ ലഭ്യമാക്കുന്നത്. 

കുട്ടനാടിന്റെ കിഴക്കൻ മേഖലകളിലും മാവേലിക്കര മേഖലയിലും 4G സേവനങ്ങൾ ലഭ്യമാക്കുവാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതൽ 4G ഉപകരണങ്ങൾ എത്തുന്ന മുറക്ക് ഇവിടങ്ങളിൽ 4G സേവനങ്ങൾ ലഭ്യമാക്കുന്നതായിരിക്കും. വേഗതയാർന്ന ഡൗൺലോഡിങ്ങിനൊപ്പം കൂടുതൽ മികച്ച ബ്രൗസിംഗ്, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ് അനുഭവങ്ങൾ ഉപഭോക്താക്കൾക്ക്  4G സേവനത്തിലൂടെ ലഭ്യമാകും. ബി.എസ്.എൻ.എൽ ഇന്ത്യയിൽ ആദ്യമായി 4G സേവനങ്ങൾ ആരംഭിച്ചത് കേരളത്തിൽ ഇടുക്കി ജില്ലയിലാണ്. തൃശൂർ, മലപ്പുറം ജില്ലകളിലെ വിവിധ മേഖലകളിലും  ബി.എസ്.എൻ.എൽ 4G സേവനങ്ങൾ അടുത്തിടെ ലഭ്യമാക്കിയിരുന്നു.  

ബി.എസ്.എൻ.എൽ 4G സേവനങ്ങൾ  നടപ്പാക്കുന്ന മേഖലകളിലുള്ള നിലവിലുള്ള ഉപഭോക്താക്കൾക്ക് അടുത്തുള്ള  ബി.എസ്.എൻ.എൽ കസ്റ്റമർ സർവീസ് സെൻറ്ററുകൾ, ടെലിഫോൺ എക്സ്ചേഞ്ചുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ  എന്നിവിടങ്ങളിൽ  നിന്നും സൗജന്യമായി കൈവശമുള്ള  3G/2G സിം കാർഡുകൾ  മാറി 4ജി സിം ആക്കുവാനുള്ള സൗകര്യം ബി.എസ്.എൻ.എൽ ഒരുക്കിയിട്ടുണ്ട്. 

ഇന്ത്യയിൽ ലഭ്യമായിട്ടുള്ള മിക്കവാറും എല്ലാ ഫോൺ നിർമാതാക്കളുടെയും  4ജി മൊബൈൽ ഫോണുകളിൽ 4G സിം പ്രവർത്തിക്കും. 4G മൊബൈൽഫോണുകൾ LTE Preferred  അല്ലെങ്കിൽ LTE/3G/2G(Auto) മോഡിലാണ് ഉപയോഗിക്കേണ്ടത്. രണ്ട് സിം കാർഡുകൾ ഇടുവാൻ സാധിക്കുന്ന ഫോണുകളിൽ ബി.എസ്.എൻ.എൽ 4G സിം കാർഡ് ആദ്യ സ്ലോട്ടിൽ  ഇടുന്നതു  4G സേവനം  തടസ്സമില്ലാതെ ലഭിക്കാൻ ഉപകരിക്കും. 2100 മെഗാഹെർട്സ് LTE ബാൻഡിലാണ്  4G സേവനങ്ങൾ ബി.എസ്.എൻ.എൽ ലഭ്യമാക്കിയിരിക്കുന്നത്.