Asianet News MalayalamAsianet News Malayalam

ചൈത്ര തെരേസ തലശ്ശേരിയില്‍ എഎസ്പി ആയിരുന്ന കാലത്ത് അമ്പരപ്പിച്ച അനുഭവം വിവരിച്ച് യുവാവ്

ഒരു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി തലശ്ശേരി എ എസ് പി ഓഫീസില്‍ പോയ ഒരനുഭവമാണ് ഇന്നത്തെ പത്ര വാര്‍ത്ത കണ്ടപ്പോള്‍ മനസ്സില്‍ തികട്ടി വന്നത്. പോലീസ് സ്റ്റേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു ശരാശരി സാധാരണക്കാരന് ഉണ്ടാവുന്ന മനപ്പേടി ഏറെക്കുറെ മാറ്റിയെടുത്തത് തലശ്ശേരി പോലീസ് സ്റ്റെഷനാണ്. ഏതൊരു ആവശ്യത്തിന് ചെന്നാലും മാന്യമായ പെരുമാറ്റം ലഭിച്ച അനുഭവമേ എനിക്ക് പറയാനുള്ളൂ

Bucker Aboo facebook post on chaitra teresa john ips
Author
Kannur, First Published Jan 26, 2019, 6:45 PM IST

കണ്ണൂര്‍: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയിഡ് ചെയ്തതുമായി ബന്ധപ്പെട്ട് ചൈത്ര തെരേസ ജോണ്‍ വാര്‍ത്താ കോളങ്ങളില്‍ നിറ സാന്നിധ്യമാണ്. സ്വന്തം ജോലി മുഖംനോക്കാതെ നടപ്പിലാക്കാന്‍ ശ്രമിച്ച ചൈത്രയെ ചുമതലയില്‍ നിന്ന് മാറ്റിയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. അതിനിടയിലാണ് ചൈത്ര തെരേസ തലശ്ശേരിയില്‍ എ എസ് പി ആയിരുന്ന കാലത്തെ അന്പരപ്പിക്കുന്ന അനുഭവം വിവരിച്ചുകൊണ്ടുള്ള ബെക്കര്‍ അബു എന്ന യുവാവിന്‍റെ ഫേസ്ബുക്ക് കുറിപ്പും ശ്രദ്ധ നേടുന്നത്.

പാസ്പോര്‍ട്ടിന് വേണ്ടിയുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി തലശ്ശേരി പൊലീസ് സൂപ്രണ്ട് ഓഫീസിലെത്തിയപ്പോഴുള്ള അനുഭവമാണ് അബു വിവരിച്ചത്. നേരിയ ചിരിയുമായി ഓഫീസിലേക്ക് കടന്നുവന്ന ചൈത്ര തെരേസ ജോണിന്‍റെ പെരുമാറ്റം മാതൃകാപരവും സൗമ്യവുമായിരുന്നുവെന്ന് അബു കുറിച്ചു. പൊലീസ് സ്റ്റേഷനിലാണ് ഇരിക്കുന്നതെന്ന തോന്നല്‍ പോലും ഉണ്ടായില്ലെന്നും ചൈത്ര തെരേസ അന്പരപ്പിച്ചെന്നും അബു വ്യക്തമാക്കി.

ബെക്കര്‍ അബുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഒരു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി തലശ്ശേരി എ എസ് പി ഓഫീസില്‍ പോയ ഒരനുഭവമാണ് ഇന്നത്തെ പത്ര വാര്‍ത്ത കണ്ടപ്പോള്‍ മനസ്സില്‍ തികട്ടി വന്നത്. പോലീസ് സ്റ്റേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു ശരാശരി സാധാരണക്കാരന് ഉണ്ടാവുന്ന മനപ്പേടി ഏറെക്കുറെ മാറ്റിയെടുത്തത് തലശ്ശേരി പോലീസ് സ്റ്റെഷനാണ്. ഏതൊരു ആവശ്യത്തിന് ചെന്നാലും മാന്യമായ പെരുമാറ്റം ലഭിച്ച അനുഭവമേ എനിക്ക് പറയാനുള്ളൂ.

ഒരു കാലത്ത് പാസ്പ്പോര്‍ട്ട്‌ കിട്ടാന്‍ പോലീസ് സൂപ്രണ്ടിന്‍റെ ഒപ്പ് കിട്ടിയാല്‍ ക്ലിയറന്‍സ് വേഗം നടക്കും എന്നൊരു രീതിയുണ്ടായിരുന്നു. അന്ന് കാലത്ത് നാല് മണിക്കേ സൂപ്രണ്ടിന്‍റെ ഓഫീസില്‍ പോയി ക്യു നില്‍ക്കും. ബഹളം വെച്ച ജനത്തിന് ഒപ്പിനെക്കാള്‍ കൂടുതല്‍ തല്ല് കിട്ടിയ ഓര്‍മ്മയുമായാണ് പോലീസ് ഇപ്പോഴും മനസ്സില്‍ കടന്നു വരുന്നത്. അതിനു മുന്പ് പാരലല്‍ കോളേജ് വിദ്യാര്‍ഥികളുടെ ബസ് പാസിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റോഡ്‌ തടയാന്‍ പോയപ്പോള്‍ കിട്ടിയ അടിയിലാണ് കനലില്‍ കപ്പയുടെ തോല്‍ കരിഞ്ഞു കീറിയത് പോലെ തുട കീറി കറുത്തത്. ഓള്‍ ഇന്ത്യാ ബന്തിന് സമരക്കാരുടെ കൂടെപ്പോയപ്പോള്‍ പോലീസ് ഓടിച്ചു വിട്ടതിന്‍റെ സുഖം കാലിന്‍റെ ഒരു വിരല്‍ കൊണ്ട് പോയത് ഒരു മാസത്തേക്ക് വേറെയും ആഘോഷിച്ചിരുന്നു.

തലശ്ശേരി എ എസ് പി ഓഫീസില്‍ പി സി സി ക്ക് കയറി ചെന്നപ്പോള്‍ റൈറ്റര്‍ സാര്‍ മാഡം വരുന്നത് വരെ കാത്തിരിക്കാന്‍ പറഞ്ഞു. ബോര്‍ഡില്‍ മാഡത്തിന്‍റെ പേര് ഇങ്ങനെ കുറിച്ചിരിക്കുന്നു. എ എസ് പി. ചൈത്ര തെരേസ ജോണ്‍. പൊതുവെ ശുപാര്‍ശയുമായി ഗവര്‍മെണ്ട് ഓഫീസിനെ സമീപിക്കാത്ത എനിക്ക് മനസ്സില്‍ ഒരു ചെറിയ അസ്വസ്ഥത. ഇതൊരു വലിയ സീനിയര്‍ ലേഡി ഓഫീസര്‍ ആണല്ലോ? പി സി സി വേഗം ലഭിച്ചാലേ ജോലിക്ക് കയറാനും കഴിയുള്ളൂ. തലശ്ശേരി എ എസ് പി വളരെ തിരക്കുള്ള ഒരു ഓഫീസര്‍ ആണ്. നേരിട്ട് കാണാന്‍ കിട്ടിയാല്‍ അത് പോലൊരു ഭാഗ്യം വേറെയുണ്ടാവില്ല എന്ന് പറഞ്ഞുകൊണ്ട് ബെഞ്ചില്‍ അടുത്തിരുന്ന ആള്‍ എന്‍റെ ബേജാറില്‍ ഇത്തിരി എണ്ണ കൂടി ഒഴിച്ചു. പത്തിരുപത് മിനിട്ട് അങ്ങിനെ ഇരുന്ന ഇരുപ്പില്‍ പലതും ചിന്തിച്ചു കൊണ്ടിരിക്കെ കോണിപ്പടി കയറി മുഖത്ത് നേരിയൊരു ചിരിയുമായി ഒരു ലേഡി പോലീസ് ഓഫീസര്‍ കയറി വരുന്നത് കണ്ടപ്പോള്‍ ഇതായിരിക്കില്ല ഞാന്‍ കാത്തിരിക്കുന്ന മാഡം എന്ന് മനസ്സില്‍ ഉറപ്പിച്ചു. അവര്‍ വളരെ യന്ഗ് ആണ്. സൌമ്യമായ മുഖം. കണ്ട ഉടനെ ഒന്നെണീറ്റു നിന്ന് വിഷ് ചെയ്ത് റൈറ്ററോട് ഇവര്‍ ആരാന്ന് ചോദിച്ചപ്പോള്‍ ഇത് തന്നെയാണ് നിങ്ങള്‍ കാത്തിരിക്കുന്ന എ എസ് പി എന്ന മറുപടി. അടുത്ത അഞ്ച് മിനിട്ടിനുള്ളില്‍ എനിക്ക് മുഖദാവില്‍ കാണാനുള്ള അനുമതി ലഭിച്ചു ഞാന്‍ മാഡത്തിന്‍റെ മുന്നില്‍ ഉപവിഷ്ടനായി. പെപ്പെര്‍സ് ഒക്കെ നോക്കിയിട്ട് ആദ്യം ചോദിച്ചത് ലോകത്ത് എത്ര രാജ്യങ്ങളില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ പോയിട്ടുണ്ടെന്നായിരുന്നു. ചോദ്യവും മറുപടിയും ഫെയിസ് ബുക്ക് പോസ്റ്റുകളും അനുഭവങ്ങളും ഒക്കെ പറഞ്ഞു കൊണ്ടെയിരിക്കുമ്പോള്‍ ഒരിക്കലും ഒരു പോലീസ് സ്റ്റെഷനിലാണ് ഞാനെന്ന തോന്നല്‍ ഉണ്ടായിരുന്നില്ല. ഒരു സൌഹൃദ സംഭാഷണം. അതിന്‍റെ ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് എപ്പോള്‍ വേണമെന്ന ചോദ്യവും. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതും അമ്പരപ്പിച്ച ഒരു അഭിമുഖവുമായിരുന്നു ആ സംഭവം.

ചൈത്ര തെരേസ മാഡത്തിന് ഗവര്‍മെണ്ട് ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തതായാണ് പത്ര വാര്‍ത്ത. പോലീസ് സ്റ്റേഷന് കല്ലെറിഞ്ഞ ഡി വൈ എഫ് ഐ ക്കാരെ അര്‍ദ്ധരാത്രിയില്‍ പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത് പിടിക്കാന്‍ പോയതിനാണ് ആ ട്രീറ്റ്മെന്റ് ലഭിച്ചത്. ക്രമസമാധാനത്തിന് തലശ്ശേരിയില്‍ പേരെടുത്ത ഒരോഫീസറാണ് ഇവര്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ നേതാവിനെ കാണാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ പോലീസ് സ്റ്റേഷന് കല്ലെറിഞ്ഞ പ്രതികളെ തെരഞ്ഞാണ് അവര്‍ പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്തത് എന്നാണു പോലീസ് വൃത്തങ്ങള്‍ പറയുന്നത്. സ്വന്തം ഡ്യൂട്ടി കൃത്യമായി ചെയ്തതിന്റെ പേരിൽ അവരെ ക്രമസമാധാന പാലന ചുമതലയിൽ നിന്ന് നീക്കം ചെയ്ത് വീണ്ടും വനിത സെൽ ചുമതലയിലേക്ക് മാറ്റുകയും ചെയ്തു.

പോലീസ് സ്റ്റേഷനും പോലീസും കാലത്തിനൊത്ത് മാറുമ്പോള്‍ നമ്മള്‍ ""നവോഥാനം"" കൊണ്ട് അവരെ മൂടിക്കളയും.

Follow Us:
Download App:
  • android
  • ios