വയനാട് നിരവില്‍പ്പുഴയില്‍ ചതുപ്പില്‍ വീണ കാട്ടുപോത്തിന് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മോചനം. മയക്കുവെടിവെച്ചാണ് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും കരകയറ്റിയത്.

കാടിറങ്ങി തീറ്റ തേടി നടന്ന് നിരവില്‍പ്പുഴയിലെ കവുങ്ങിന്‍ തോട്ടത്തിലെത്തിയ കാട്ടുപോത്ത് വീണത് രണ്ട് മീറ്ററോളം താഴ്ചയുളള ചതുപ്പിലാണ്. അനങ്ങാന്‍ വയ്യാതെ കഷ്‌ടത്തിലായ കാട്ടുപോത്തിനെ നാട്ടുകാര്‍ കാണുന്നത് ബുധനാഴ്ച രാവിലെ. പിന്നെ കരകയറ്റാനുളള ശ്രമമായി.

വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയെങ്കിലും കരയ്‌ക്കെത്തിക്കല്‍ വിജയിച്ചില്ല. ഒടുവില്‍ മയക്കുവെടി വയ്‌ക്കാന്‍ തീരുമാനം.വൈകീട്ട് നാലുമണിക്ക് മയക്കുവെടിവച്ചു.മണ്ണുമാന്തിയന്ത്രം കൊണ്ട് കയര്‍ കുടുക്കി പുറത്തേയ്‍ക്ക്.

കുഞ്ഞോം കാട്ടില്‍ വിടാനായിരുന്നു വനംവകുപ്പിന്‍റെ തീരുമാനം. സ്ഥിരം ശല്യക്കാരനായ കാട്ടുപോത്തിനെ ദൂരെയെവിടെയെങ്കിലും കൊണ്ടുവിടണമെന്നായി നാട്ടുകാര്‍.ഒടുവില്‍ പ്രാഥമിക ചികിത്സ നല്‍കി വൈകീട്ടോടെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലേക്ക് കാട്ടുപോത്തിനെ കൊണ്ടുപോയി.