ചിത്രങ്ങള്‍ വിലയിരുത്തിയ കേന്ദ്ര ഇന്‍റലിജന്‍സാണ് ഭീകരരില്‍ ഒരാളെക്കൂടി തിരിച്ചറിഞ്ഞത്
ജമ്മു:കാശ്മീരില് പത്രാധിപര് ഷുജാഅത്ത് ബുഖാരിയെ വെടിവെച്ച് കൊന്ന ഭീകരരില് പൊലീസ് കസ്റ്റഡിയില് നിന്ന് അടുത്തിടെ രക്ഷപ്പെട്ട മുഹമ്മദ് നവീദ് ജാട്ടും ഉണ്ടെന്ന് ഇന്റലിജന്സ് വൃത്തങ്ങള്.
ഷുജാഅത്ത് ബുഖാരിയെ ആക്രമിച്ച സംഘത്തിലെ മൂന്ന് പേര് ബൈക്കില് സഞ്ചരിക്കുന്ന ദൃശ്യങ്ങള് പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതില് രണ്ട് പേര് മുഖം മൂടിയിരിക്കുകയാണ്. ബൈക്ക് ഓടിക്കുന്നയാള് ഹെല്മറ്റ് ധരിച്ചിട്ടുണ്ട്. ചാക്കിന്റെ ഒരു പൊതിയും ഇവരുടെ കൈയില് കാണാം.ഷുജാഅത്ത് ബുഖാരിയെ വെടിവെയക്കാന് ഉപയോഗിച്ച തോക്കുകളാണ് ഇതിലെന്നാണ് നിഗമനം. ചിത്രങ്ങള് വിലയിരുത്തിയ കേന്ദ്ര ഇന്റലിജന്സാണ് ബൈക്കിലിരിക്കുന്ന ഒരാള് മുഹമ്മദ് നവീദ് ജാട്ടാണെന്ന് തിരിച്ചറിഞ്ഞത്.
2014 ല് കാശ്മീര് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലില് അടച്ചിരിക്കുകയായിരന്നു. എന്നാല് കഴിഞ്ഞ ഫെബ്രുവരിയില് ശ്രീനഗറിലെ ആശുപത്രിയില് വൈദ്യ പരിശോധനയ്ക്ക് കൊണ്ടു വന്നപ്പോള് ഇയാള് രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിയ രണ്ട് ഭീകരര് പൊലീസിന് നേരെ നിറയൊഴിച്ച ശേഷം ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
അപകടം നടന്നതിന് തൊട്ടു പിന്നാലെയുള്ള ദൃശ്യങ്ങളില് നിന്നാണ് ഭീകരനെന്ന് സംശയിക്കുന്ന ഒരാളെ കൂടി തിരിച്ചറിഞ്ഞത്. ബുഖാരിയുടെ കാറിന് സമീപത്ത് നിന്ന് ഇയാള് എന്തോ എടുക്കുന്ന ദൃശ്യങ്ങളാണിത്. ബുഖാരിയുടെ മൃതദേഹം വന് ജനാവലിയുടെ സാന്നിദ്ധ്യത്തില് ഖബറടക്കി. റമദാന് വ്രതം കണക്കിലെടത്ത് കാശ്മീരില് പ്രഖ്യാപിച്ച വെടിനിര്ത്തല് തുടരുന്ന കാര്യവും ബുഖാരിയുടെ കൊലപാതകത്തോടെ അനിശ്ചിതത്വത്തിലായിട്ടുണ്ട്.
