ന്യൂഡൽഹി: ഉത്തർപ്രദേശ് മന്ത്രി അസംഖാനെതിരെ ബുലന്ദ്ശഹറിൽ കൂട്ട ബലാൽസംഗത്തിനിരയായ 14 വയസുകാരി സുപ്രീംകോടതിയിൽ. സംഭവത്തിൽ വിവാദ പരാമർശം നടത്തിയ മന്ത്രിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.

ജൂലായ് അവസാനവാരം അര്‍ധരാത്രിയില്‍ ബുലന്ദ്ശഹർ ദേശീയപാതയിൽ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബാംഗങ്ങളെ തടഞ്ഞുനിര്‍ത്തിയ കൊള്ളസംഘം അമ്മയെയും മകളെയും പിടിച്ചിറക്കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

സംഭവം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതോടെ ബി.ജെ.പി നേതാക്കളോടൊപ്പം അസംഖാൻ പീഡനത്തിനിരയായ കുടുംബത്തെ സന്ദർശിച്ചിരുന്നു. തുടര്‍ന്നായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.

സംഭവം പ്രതിപക്ഷത്തിന്‍റെ ഗൂഢാലോചനയാണെന്നായിരുന്നു അസംഖാന്‍റെ വിചിത്രമായ വാദം. സർക്കാരിനെ കരിതേച്ചു കാണിക്കാനായി പ്രതിപക്ഷം നടത്തിയ ഗൂഢാലോചനയാണോ ഇതെന്ന് അന്വേഷിക്കുമെന്ന മന്ത്രി പറഞ്ഞിരുന്നു. ഈ പ്രസ്താവന വ്യാപകമായ പ്രതിഷേധത്തിനിടയാക്കി.

വോട്ടിന് വേണ്ടി ഏതറ്റം വരെ പോകാനും ചിലർക്ക് മടിയില്ലെന്നും മുസഫർ നഗർ, കൈരാന സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ടെന്നും അസംഖാന്‍ പ്രസ്താവിച്ചിരുന്നു. അധികാരത്തിന് വേണ്ടി രാഷ്ട്രീയക്കാർ ജനങ്ങളെ കൊല്ലുന്നുവെന്നും കലാപങ്ങൾ സൃഷ്ടിക്കുന്നുവെന്നും അതിനാൽ സത്യം കണ്ടുപിടിക്കേണ്ടതുണ്ടെന്നും അസംഖാൻ പറഞ്ഞിരുന്നു.

മന്ത്രിയുടെ പ്രസ്താവനയിൽ ഏറെ ദുഖിതരാണെന്ന് ബലാത്സംഗത്തിനിരയായ ടാക്സി ഡ്രൈവറുടെ കുടുംബത്തിന്‍റെ പ്രതികരണം.