ബുലന്ദ്ഷെഹറില്‍ കലാപമുണ്ടാക്കിയ കേസില്‍ യുവമോര്‍ച്ചാ നേതാവ് ശിഖര്‍ അഗര്‍വാള്‍ ഉൾപ്പടെയുള്ളവർ പിടിയിലായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട്  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ രാത്രി ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു.

ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില്‍ പൊലീസ് ഇന്‍സ്പക്ടര്‍ സുബോധ് കുമാര്‍ സിങ് ഉള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. കേസില്‍ യുവമോര്‍ച്ചാ നേതാവ് ശിഖര്‍ അഗര്‍വാള്‍ ഉൾപ്പടെയുള്ളവർ പിടിയിലായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ രാത്രി ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു.

പശുക്കളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊടുന്നനെയുണ്ടായ കലാപത്തിനിടയിലാണ് ബുലന്ദ്ഷെഹര്‍ സ്റ്റേഷന്‍ ഓഫീസറായ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്. ഇടത് കണ്ണിന് വെടിയേറ്റ നിലയില്‍ കാറിനുള്ളിലാണ് പോലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തിയത്.

ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയിൽ ​ഗോസംരക്ഷകർ അടിച്ചു കൊന്ന അഖ്ലാഖിന്റെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥനാണ് സുബോധ് കുമാർ. ഇദ്ദേഹത്തിന്‍റെ കൊലപാതകത്തിന് പിന്നിൽ ​ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കാനുള്ള കാരണവും ഇതാണ്. സംഘർഷത്തിന്റെ മറവിൽ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ട്.കല്ലേറിൽ പരിക്കേറ്റ് സഹപ്രവർത്തകർക്കൊപ്പം ആശുപത്രിയിലേക്ക് പോകുകയായിരുന്ന സുബോധ് കുമാറിന്റെ വാഹനത്തെ പിന്തുടർന്നാണ് ഇദ്ദേഹത്തെ വെടിവച്ച് വീഴ്ത്തിയത്. വെടിയുണ്ട തലച്ചോറിൽ‌ തറച്ച അവസ്ഥയിലായിരുന്നു കാണപ്പെട്ടത്. 

സുബോധ് കുമാര്‍ സിംഗിന്‍റെ കണ്ണിനേറ്റ വെടിയുണ്ട തലച്ചോറില്‍ മാരകമായ മുറിവേല്‍പ്പിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബജ്രംഗ്ദള്‍ നേതാവായ യോഗേഷ് രാജ് അടക്കം നാല് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഗോരക്ഷകർ നടത്തിയ അക്രമങ്ങളിലും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളിലും യുപി സർക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.