ഇടുക്കി: തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ ഗാന്ധാരി അമ്മയുടെ കാളകളെ വണ്ടിയോട്ടത്തില്‍ തോല്‍പ്പിച്ച മാണിക്യന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം വെറുമൊരു കെട്ട് കഥയല്ല. ഒരു കാലത്ത് തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ സജീവമായിരുന്നു കാളവണ്ടിയോട്ടം. ഇടക്കാലത്ത് നിര്‍ത്തലാക്കിയെങ്കിലും നാല് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സജീവമായിരിക്കുന്നു കാളവണ്ടിയോട്ടം.
ഭഗവതിയമ്മന്‍ കോവിലിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന മത്സരത്തില്‍ തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറോളം വണ്ടികളെത്തി. ഇരുപത്തി അയ്യായിരം രൂപയാണ് മത്സരത്തിലെ സമ്മാനത്തുക. ജെല്ലികെട്ടിനെ അപേക്ഷിച്ച് അപകട സാധ്യത കുറവായതുകൊണ്ടാണ് മത്സരത്തിന് അനുമതി ലഭിച്ചത്. കാളകളുടെ പ്രായത്തിനനുസരിച്ച് ആറ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. പ്രായത്തിനനുസരിച്ച് നാലു മുതല്‍ ആറ് കിലോമിറ്റര്‍ വരെയെയാണ് ദൂരപരിധി.
ഓരോ വിഭാഗത്തിലും പത്ത് മുതല്‍ ഇരുപത് വണ്ടികള്‍ വരെ പങ്കെടുത്തു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പരമ്പരാഗത ആചാരങ്ങളിലൊന്നായ കാളവണ്ടിയോട്ട മത്സരങ്ങള്‍ ഉത്സവങ്ങളോട് അനുബന്ധിച്ചാണ് നടത്തിവരുന്നത്. പുതുമഴ പെയ്തുകഴിഞ്ഞാല്‍ നിലം ഉഴുതാന്‍ കാളകള്‍ക്ക് കൂടുതല്‍ ആരോഗ്യവും ഉത്സാഹവും ഉണ്ടാകുന്നതിനു വേണ്ടിയാണ് മാട്ട് വണ്ടി ഓട്ടമത്സരങ്ങള്‍ നടത്തുന്നത്.
മൃഗപീഡനമാണെന്ന പരാതിയെ തുടര്‍ന്ന് 2013 ലാണ് കാളവണ്ടിയോട്ട മത്സരം നിരോധിച്ചത്. ജെല്ലികെട്ടിന് തമിഴ്‌നാട് സര്‍ക്കാര്‍ ഓഡിനന്‍സ് പസ്സാക്കിയതോടെ കാളവണ്ടിയോട്ട സംഘാടകരും രംഗത്തെത്തി. മത്സരത്തില്‍ വണ്ടികളുടെ വേഗത വര്‍ദ്ധിപ്പിക്കുവാനായി ക്രുരമായി വേദനിപ്പിച്ചാണ് കാളകളെ ഓടിക്കുന്നത്. തമിഴ് കര്‍ഷകരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഈ മത്സരം വരുംനാളുകളില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ സജീവമാകും.
ചിത്രം: കമ്പത്ത് നടന്ന കാളയോട്ട മത്സത്തില്‍ നിന്ന്

