റായ്‍പൂര്‍: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് കേന്ദ്രം ആക്രമിച്ച സുരക്ഷാ സേന വന്‍ ആയുധശേഖരവും സി.ആര്‍.പി.എഫ് ജവാന്മാരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും കണ്ടെടുത്തു. സുഖ്മ ജില്ലയിലാണ് കഴിഞ്ഞ ദിവസം ജില്ലാ റിസര്‍വ് ഗാഡും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയത്. എന്നാല്‍ ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തും മുന്‍പ് തന്നെ മാവോയിറ്റുകള്‍ ക്യാമ്പ് ഉപേക്ഷിച്ച് ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ക്യാമ്പിലെ ഉപേക്ഷിക്കപ്പെട്ട സാധനങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഡിറ്റനേറ്ററുകള്‍, ജെലാറ്റിന്‍ റോഡുകള്‍, ബോംബ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന സ്റ്റീല്‍ പാത്രങ്ങള്‍, ബാറ്ററകള്‍, വയറുകള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തത്. മാവോയിസ്റ്റ് യൂണിഫോമുകള്‍ക്കൊപ്പം സി.ആര്‍.പി.എഫ് ജവാന്മാരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും കണ്ടെടുത്തുവെന്ന് സൗത്ത് ബസ്തര്‍ ഡി.ഐ.ജി സുന്ദരരാജ് പറഞ്ഞു.