ദില്ലി വിമാനത്താവളത്തില്‍  ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍

ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. വിമാനത്താവളത്തിലെ ശുചിമുറിയിലെ മാലിന്യകൂമ്പാരത്തില്‍നിന്നാണ് 17 വെടിയുണ്ടകള്‍ കണ്ടെത്തിയത്. സംഭവത്തിന് മണിക്കൂറുകള്‍ മുമ്പ് ബാഗില്‍ വെടിയുണ്ടകളുമായി ഒരാളെ വിമാനത്താവളത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ വ്യക്തി തന്നെയാണോ ശുചിമുറിയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിച്ചത് എന്നതിനെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. 

ഫെബ്രുവരി 13 ന് പുലര്‍ച്ചെ രണ്ട് മണിയ്ക്ക് അമൃതസറിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആളെ സെക്യൂരിറ്റി ജീവനക്കാരന്‍ വെടിയുണ്ടകളുമായി പിടികൂടിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. 

മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിമാനത്താവളത്തില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്. ആയുധങ്ങളുമായി വിമാനത്താവളത്തില്‍നിന്ന് ആളുകള്‍ പിടിയ്ക്കപ്പെടുന്നത് രാജ്യത്ത് ഇത് ആദ്യമായല്ല. 80ഓളം കേസുകള്‍ ഇത്തരത്തില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് മിക്ക യാത്രികരും പറയാറുള്ളത്. 

ഫോറെന്‍സിക് പരിശോധനയ്ക്കയച്ച വെടിയുണ്ടകള്‍ യാത്രക്കാരനില്‍നിന്ന് കണ്ടെത്തിയതുമായി ബന്ധമുള്ളതായി വ്യക്തമായാല്‍ ഇയാളെ വിളിച്ച് വരുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ ഇയാള്‍ വെടിയുണ്ടകള്‍ ശുചിമുറിയില്‍ ഉപേക്ഷിച്ചതാകാനാണ് സാധ്യത. ഒരു പക്ഷേ കയ്യിലുണ്ടായിരുന്ന 18 ബുള്ളറ്റുകള്‍ ഉപേക്ഷിട്ടതില്‍ അബദ്ധത്തില്‍ ഒരെണ്ണം ബാഗില്‍ പെട്ടുപോയതാകാമെന്നും പൊലീസ് പറഞ്ഞു.

അതേസമയം ശുചിമുറിയില്‍ സിസിടിവി ക്യാമറകളില്ലാത്തതിനാല്‍ ഇയാള്‍ തന്നെയാണോ വെടിയുണ്ട് ഉപേക്ഷിച്ചതെന്ന് ഉറപ്പിക്കാനാകില്ലെന്നും പൊലീസ്. സംഭവത്തെ തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരുടെയും ബാഗുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.