ഉള്ളിയുടെ വില ക്രമാതീതമായി താഴുകയാണ് ഇപ്പോള്‍ ഉത്തരേന്ത്യയില്‍. മധ്യപ്രദേശില്‍ പലയിടത്തും കിലോയ്ക്ക് 30 പൈസക്ക് വരെയാണ് ഇപ്പോള്‍ ഉള്ളി വില്‍ക്കുന്നതത്രെ. മാന്യമായ വിലപോലും കിട്ടാതെ ഉള്ളി കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. ഇതോടൊപ്പം കാലിത്തീറ്റയുടെ വിലകൂടി ക്രമാതീതമായി ഉയര്‍ന്നതോടെയാണ് പശുവിന്‍ പാലിന് ഉള്ളിയുടെ മണവും രുചിയുമൊക്കെ വരാന്‍ കാരണമായത്. പണം കൊടുത്ത് കാലിത്തീറ്റ വാങ്ങാന്‍ കാശില്ലാത്ത കര്‍ഷകര്‍ പാടത്തും പറമ്പിലുമൊക്കെ വാങ്ങാന്‍ ആളില്ലാതെ വെറുതെ കിടക്കുന്ന ഉള്ളിയാണത്രെ ഇപ്പോള്‍ കന്നുകാലികള്‍ക്ക് നല്‍കുന്നത്. അനിയന്ത്രിതമായ ആളവില്‍ ഉള്ളി അകത്താക്കിയ പശുക്കളുടെ പാലിലും ഇപ്പോള്‍ അതിന്റെ അംശമെത്തിയിരിക്കുകയാണ്.

പലരും പരാതി പറഞ്ഞ് തുടങ്ങിയതോടെ പാല്‍ കറക്കുന്ന മൃഗങ്ങള്‍ക്കൊന്നും ഉള്ളി കൊടുക്കരുതെന്ന് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഇന്‍ഡോര്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഭരത്മധുരവാല അറിയിച്ചു. കാലിത്തീറ്റക്ക് ഇപ്പോള്‍ ക്വിന്റലിന് 3,000 രൂപ വരെയാണ് വില. പാലിന്റെ വില ഉയരാന്‍ ഇത് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. കാലിത്തീറ്റക്ക് മേലുള്ള ഒരു ശതമാനം സെസ് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കൂടിയ അളവില്‍ ഉള്ളി ഭക്ഷിക്കുന്നത് മൃഗങ്ങളുടെ ദഹനേന്ദ്രിയ വ്യവസ്ഥക്ക് തകരാറുകളുണ്ടാക്കുമെന്ന് വെറ്റിനറി വിദഗ്ദരും പറയുന്നു.