ബുജുംബുറ: ആഫ്രിക്കൻ രാജ്യമായ ബറുണ്ടിയിലെ മന്ത്രി വെടിയേറ്റ് മരിച്ചു. പരിസ്ഥിതി വകുപ്പു മന്ത്രി ഇമ്മാനുവൽ നിയോൻകരുവിനു(54) ആണ് കൊല്ലപ്പെട്ടത്. പുതുവർഷ തലേന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രാദേശിക സമയം രാത്രി 12.45 നാണ് തോക്കുമായെത്തിയ അക്രമി മന്ത്രിക്കു നേരെ വെടിയുതിർക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് ബറുണ്ടി പ്രസിഡന്റ് പിയറി കുറുൻസിസ പറഞ്ഞു.
2015 ൽ മൂന്നാമതും കുറുൻസിസ പ്രസിഡന്റായി അധികാരത്തിലെത്തിയതിനു ശേഷം തുടരുന്ന ആക്രമണങ്ങളിൽ മുതിർന്ന സൈനികരുൾപ്പെടെ നൂറുകണക്കിനാളുകളാണ് ബറുണ്ടിയിൽ കൊല്ലപ്പെട്ടത്. എന്നാൽ ഒരു മന്ത്രി കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. കുറുൻസിസ അധികാരത്തിൽ തുടരുന്നത് ഭരണഘടനവിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
