ഓണമാഘോഷിക്കാന്‍ ബംഗളുരുവില്‍ നിന്ന് നാട്ടിലേക്കെത്തണമെങ്കില്‍ കാണം വില്‍ക്കേണ്ട അവസ്ഥയിലാണ് മലയാളികള്‍. തിരക്ക് മുന്നില്‍ കണ്ട് സ്വകാര്യബസുകള്‍ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി. ഓണത്തിന്റെ തല്ലേന്നാള്‍ കൊച്ചിയിലെത്തണമെങ്കില്‍ സ്വകാര്യബസുകളില്‍ ഇരട്ടിത്തുക നല്‍കേണ്ടി വരും.
ഉത്രാടത്തിന്റെ അന്ന് വൈകീട്ട് ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് കര്‍ണാടക ആര്‍ടിസിയുടെ എസി ബസുകളില്‍ ഒരാള്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള ചാര്‍ജ്ജ് തൊള്ളായിരം രൂപയില്‍ താഴെയാണ്. എന്നാല്‍ സ്വകാര്യ ബസുകളില്‍ കൊച്ചിയിലെത്താന്‍ ഇതിന്റെ ഇരട്ടിത്തുക നല്‍കണം. ആയിരത്തിഒരുന്നൂറ് രൂപയില്‍ താഴെ ഒരൊറ്റടിക്കറ്റ് പോലും കിട്ടാനില്ല. കൊച്ചിയിലേക്ക് മാത്രമല്ല, തിരുവനന്തപുരേത്തേക്കും മലബാര്‍ മേഖലയിലേക്കുമുള്ള ടിക്കറ്റ് നിരക്കിലും ഈ വലിയ വ്യത്യാസം കാണാം. കര്‍ണാടക ആര്‍ടിസിയുടേയും കേരള ആര്‍ടിസിയുടേയും ബസുകളില്‍ റിസര്‍വേഷന്‍ ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ സ്വകാര്യബസുകളുടെ കഴുത്തറപ്പന്‍ കൂലിയില്‍ തലവെക്കുന്നവരാണ് ഭൂരിപക്ഷവും. വേറെ വഴിയില്ലാതെ സ്വകാര്യബസില്‍ ഓണക്കാലത്ത് കുടുംബസമേതം നാട്ടിലേക്ക് പോയി തിരിച്ചുവരണമെങ്കില്‍ യാത്രാ ചെലവ് ഒരു മാസത്തെ വരുമാനത്തിലധികം വരുമെന്നാണ് പലരും പറയുന്നത്. ഓണത്തിന്റെ തലേന്നാള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനായി ബുക്കിങ് പൂര്‍ണമായെന്ന് കാണിക്കുന്ന ബസ് കമ്പനികളുമുണ്ട്. ഓണത്തിരക്ക് ഉള്‍ക്കൊള്ളുന്നതിന് ആവശ്യമായ ബസുകള്‍ പ്രഖ്യാപിക്കാന്‍ കേരള ആര്‍ടിസി തയ്യാറാകാത്തതും മലബാറിലേക്ക് ഉള്‍പ്പെടെ ഓണതീവണ്ടികള്‍ പ്രഖ്യാപിക്കാത്തതുമാണ് സ്വകാര്യകമ്പനികളുടെ കൊള്ളയ്‍ക്കു കാരണമായി വിലയിരുത്തുന്നത്.
