വെളളിയാഴ്ച രാത്രിയാണ് പത്തനംതിട്ടയിൽ നിന്നും ബെം​ഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവറെ നാലം​ഗ സംഘം മർദിച്ചത്. അതിക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.

കോട്ടയം: കോട്ടയത്ത് അന്തർസംസ്ഥാന ബസ് ഡ്രൈവറെ മർദിച്ച കേസിൽ നാല് പേർ അറസ്റ്റിലായി. വെള്ളിയാഴ്ച വൈകിട്ട് തിരുനക്കര വെച്ചാണ് ബസ് ഡ്രൈവറെ മർദിച്ചത്. കോട്ടയം തോട്ടക്കാട് സ്വദേശികളായ മനു മോഹൻ, അജിത് കെ രവി, കൊല്ലം ചടയമം​ഗലം സ്വദേശികളായ അനന്തുകൃഷ്ണൻ, ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയായ സഞ്ജു എസ് എന്നീ നാല് പേരാണ് കോട്ടയം വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലായിരിക്കുന്നത്. വെളളിയാഴ്ച രാത്രിയാണ് പത്തനംതിട്ടയിൽ നിന്നും ബെം​ഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവറെ നാലം​ഗ സംഘം മർദിച്ചത്. അതിക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.

ചിങ്ങവനത്ത് നിന്ന് ബെഗളൂരുവിലേക്ക് പോകാൻ വേണ്ടിയാണ് നാല് യുവാക്കളിൽ മൂന്ന് പേരും ടിക്കറ്റെടുത്തത്. ഇതിൽ മനുമോഹൻ എന്നയാള്‍ക്ക് മാത്രമാണ് ബസിൽ കയറാൻ സാധിച്ചത്. മറ്റ് രണ്ട് പേര്‍ക്കും ബസ് വന്ന സമയത്ത് അവിടേക്ക് എത്താൻ സാധിച്ചില്ല. വളരെ നേരം കാത്തുനിന്നിട്ടും അവരെത്തിയില്ല. തുടര്‍ന്ന് മറ്റൊരു വാഹനത്തിൽ പിന്തുടര്‍ന്നെത്തി ഇവര്‍ ബസിൽ കയറി. ഇവര്‍ വരുന്നതിന് മുൻപ് ബസെടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഡ്രൈവറെ കയ്യേറ്റം ചെയ്തതും അസഭ്യം വിളിച്ചതും. നാല് പേരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തിരുന്നത്. അന്വേഷണത്തിനൊടുവിലാണ് ഇവർ പിടിയിലായിരിക്കുന്നത്.