ദുബായ്: ഭാര്യ അറിയാതെ മറ്റൊരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ഇന്ത്യക്കാരന് ദുബായ് കോടതി ജയില്‍ ശിക്ഷ വിധിച്ചു. ഇയാളുടെ അപ്പീൽ കോടതി തള്ളുകയായിരുന്നു. ഒരു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനൊപ്പം ഇയാളെ ദുബായിൽ നിന്നും നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ സ്വദേശിയായ ബിസിനസുകാരൻ മറ്റൊരു യുവതിയുമായി ലെംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ചിത്രങ്ങൾ വളർത്തു മകനാണ് ലാപ് ടോപ്പില്‍ നിന്ന് കണ്ടെത്തിയത്.
ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ 2015 മുതൽ ഇദ്ദേഹം മറ്റൊരു സ്ത്രീയുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ചിത്രങ്ങൾ ലഭിച്ചു. തുടർന്ന് ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ആരോപണം ഇയാള്‍ തള്ളുകയായിരുന്നു. എന്നാല്‍ സംഭവം സത്യമാണെന്ന് കണ്ടെത്തിയ കോടതി ഓഗസ്റ്റിൽ ഇയാൾക്ക് ഒരുമാസം തടവും ശിക്ഷയ്ക്കുശേഷം നാടുകടത്താനും ഉത്തരവിട്ടു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഇപ്പോൾ തള്ളിയത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഭാര്യ ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയില്‍ ഇയാളുടെ വാദം. ഭാര്യയും വളര്‍ത്തുമകനും ചിത്രങ്ങള കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ചിത്രത്തില്‍ തനിക്കൊപ്പമുള്ള സ്ത്രീയെ അറിയില്ലെന്നും ഇയാള്‍ വാദിച്ചു.
തുടര്‍ന്ന് ചിത്രങ്ങള്‍ പൊലീസ് ഫോറന്‍സിക് പരിശോധന നടത്തി. ചിത്രങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് തെളിഞ്ഞു. ഒപ്പമുള്ള സ്ത്രീയുടെ മറ്റ് ചിത്രങ്ങളും ലാപ്‍ടോപ്പില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാളുടെയും ഭാര്യയുടെയും വിവാഹ മോചന കേസ് ഇപ്പോള്‍ കോടതിയില്‍ നടന്നുവരികയാണ്.
