മധ്യപ്രദേശിലെ ശാഹ്ദോള്‍ ലോക്സഭ സീറ്റിലും നേപാനഗര്‍ നിയമസഭ സീറ്റിലും നടക്കുന്ന പോരാട്ടം ബി.ജെ.പിക്ക് പ്രധാനമാണ്. ബി.ജെ.പി ഭരണത്തിലിരിക്കുന്ന സംസ്ഥാനത്തെ രണ്ട് സീറ്റുകളും പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളാണ്.

സംവരണ സീറ്റുകളാണ് രണ്ടിടത്തും. കോണ്‍ഗ്രസാണ് ബി.ജെ.പിയുടെ മുഖ്യ എതിരാളി. 2015 നവംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ രത്ലാന്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. സമാനമായ തിരിച്ചടി ആവര്‍ത്തിക്കാതിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

മുതിര്‍ന്ന ഗോത്രവര്‍ഗ നേതാവും സംസ്ഥാന മന്ത്രിയുമായ ഗ്യാന്‍ സിങ്ങാണ് ബി.ജെ.പി സ്ഥാനാര്‍ഥി. മുന്‍ എം.പി രാജേഷ് നന്ദാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഗോത്രവര്‍ഗ മേഖലയില്‍ നോട്ട് പ്രതിസന്ധി കാര്യമായി പ്രതികരണം ഉണ്ടാക്കുകില്ലെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. എന്നാല്‍, കൃഷിയിറക്കാന്‍ വിത്തിന് പോലും പണമില്ലാതെ വലയുന്ന കര്‍ഷകര്‍ മോദി സര്‍ക്കാറിനെതിരെ വിധിയെഴുതുമെന്ന് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.