നാല് സീറ്റുകളില്‍ മൂന്നിടതും ബിജെപി പരാജയപ്പെട്ടതോടെ ലോക്‌സഭയിലെ മൊത്തം ബിജെപി എംപിമാരുടെ എണ്ണം 282-ല്‍ നിന്നും 272 എന്ന നിലയിലെത്തി.
ദില്ലി: ഉത്തര്പ്രദേശ്-ബീഹാര് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളുടെ ദില്ലിയിലും ബിജെപിയെ ബാധിച്ചേക്കും. 2014-ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഭൂരിപക്ഷം നിയമസഭാ തിരഞ്ഞെടുപ്പുകളും ബിജെപി ജയിച്ചു കയറിയിട്ടുണ്ടെങ്കിലും ഈ നാല് വര്ഷത്തിനിടയില് നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളില് വന്പരാജയമാണ് പാര്ട്ടി നേരിട്ടത്.
543 സീറ്റുകളുള്ള ലോക്സഭയില് 331 സീറ്റുകളും നേടിയാണ് 2014-ല് ബിജെപി നയിക്കുന്ന എന്ഡിഎ മുന്നണി ചരിത്രം കുറിച്ചത്. 272 സീറ്റുകള് ജയിച്ച കക്ഷിക്കോ മുന്നണിക്കോ സര്ക്കാരുണ്ടാക്കാന് അവകാശവാദം ഉന്നയിക്കാം എന്നിരിക്കേ താമര ചിഹ്നത്തില് മത്സരിച്ചു ജയിച്ച 282 എംപിമാരുമായാണ് മോദി പ്രധാനമന്ത്രിയാവാന് ദില്ലിയിലെത്തിയത്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില് 30 വര്ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ഒരു പാര്ട്ടി ഒറ്റയ്ക്ക് നേടുന്നത്.
എന്നാല് അവിടന്നങ്ങോടുള്ള ഉപതിരഞ്ഞെടുപ്പുകളില് പല സിറ്റിംഗ് സീറ്റുകളും ബിജെപിക്ക് നഷ്ടപ്പെട്ടു, ഇതോടെ എംപിമാരുടെ എണ്ണവും കുറഞ്ഞു. ഇപ്പോള് ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളില് മൂന്നിടതും ബിജെപി പരാജയപ്പെട്ടതോടെ ലോക്സഭയിലെ മൊത്തം ബിജെപി എംപിമാരുടെ എണ്ണം 282-ല് നിന്നും 272 എന്ന നിലയിലെത്തി. ഇനിയുള്ള ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെടുകയും പുതുതായി സീറ്റുകള് നേടാന് പാര്ട്ടിക്ക് സാധിക്കാതെ വരികയും ചെയ്താല് ഒറ്റയ്ക്ക്രാജ്യം ഭരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്ക് നഷ്ടമാവും. എന്നാല് എന്ഡിഎയിലെ മറ്റു കക്ഷിളുടെ പിന്തുണയുള്ളതില് സര്ക്കാരിന് ഒരുരീതിയിലുള്ള ഭീഷണിയും ഇതുമൂലമില്ല. എന്നാല് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാര്ട്ടി അധ്യക്ഷന് അമിത്ഷായ്ക്കും അഭിമാനകരമായ വാര്ത്തയല്ല. മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പുകളില് കണ്ട ബിജെപി ആഭിമുഖ്യം ലോക്സഭാ തിരഞ്ഞെടുപ്പുകളില് ജനങ്ങള്ക്കില്ല എന്ന രീതിയിലും ഇത് വിലയിരുത്തപ്പെട്ടേക്കാം.
ഇനിയും ഏഴ് സീറ്റുകള് കൂടി ലോക്സഭയില് ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇതില് ബിജെപിയുടെ സിറ്റിംഗ് സീറ്റുകളും ഉള്പ്പെടുന്നു. 2019 മെയ് മാസം വരെ മോദി സര്ക്കാരിന് കാലാവധിയുണ്ടെന്നിരിക്കേ ഈ വര്ഷം നവംബര് വരെ ലോക്സഭയിലേക്ക് ഉപതിരഞ്ഞെടുപ്പുകള് നടക്കും. നവംബറിന് ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിലൂടെയാവും പുതിയ അംഗത്തെ കണ്ടെത്തുക.
