തിരുവനന്തപുരം: ശാസ്താംകോട്ട തടാകം തന്‍റെ കാമുകിയാണെന്നും അവളെ സംരക്ഷിക്കാതെ താന്‍ കല്ല്യാണം കഴിക്കില്ലെന്നും നിയമസഭയില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. വികാരാധീനനായ കുഞ്ഞുമോനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും അല്‍പ്പം വികാരാധീനനായിട്ടുണ്ടാവണം. മുഖ്യമന്ത്രി തന്നെ എഴുന്നേറ്റ് നിന്ന് പറഞ്ഞു. ശാസ്താംകോട്ട തടാകം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. കുഞ്ഞുമോന്‍ കല്ല്യാണം കഴിക്കണം. മുഖ്യമന്ത്രി പറഞ്ഞിട്ടും കുഞ്ഞുമോന് സംശയം തീര്‍ന്നില്ല. കഴിഞ്ഞ മുഖ്യമന്ത്രിയും ഇങ്ങനൊക്കെ പറഞ്ഞതാണ്. ഒടുവില്‍ പിണറായി ഉറപ്പിച്ചു പറഞ്ഞതോടെ കുഞ്ഞുമോനും സഭയ്ക്ക് ഉറപ്പു നല്‍കി. ഇനി വിവാഹം കഴിക്കാം.

ശാസ്താംകോട്ട തടാകം സംരക്ഷിക്കാതെ താന്‍ കല്യാണം കഴിക്കില്ലെന്ന കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ പ്രഖ്യാപനമാണ് സഭയില്‍ ചിരി പടര്‍ത്തിയത്.

ഏറെക്കാലമായി ഭരണപ്രതിപക്ഷാംഗങ്ങളില്‍ പലരും കുഞ്ഞുമോനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. എന്നാല്‍ ശാസ്താംകോട്ട തടാകം തന്‍റെ കാമുകിയാണെന്നും കാമുകിയെ സുന്ദരിയാക്കാതെ തനിക്കൊരു ജീവിതമില്ലെന്നുമായിരുന്നു കുഞ്ഞുമോന്‍റെ നിലപാട്. അവള്‍ക്കൊരു ജീവിതമില്ലാതെ താന്‍ വിവാഹമേ കഴിക്കില്ലെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കുഞ്ഞുമോന്‍റെ പ്രഖ്യാപനം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാര്യത്തില്‍ തീരുമാനമാക്കാമെന്നു പറഞ്ഞെങ്കിലും ഫലം കണ്ടില്ല. അങ്ങനെയാണ് ഇന്ന് വീണ്ടും സഭയില്‍ വിഷയം ഉന്നയിക്കുന്നത്. തുടര്‍ന്നാണ് പിണറായിയുടെ അടിയന്തിര ഇടപടല്‍. അനൗദ്യോഗിക പ്രമേയമാണെന്നും അതിന് കോവൂര്‍ കുഞ്ഞുമോന്‍ മറുപടി നല്‍കണമെന്നും സ്പീക്കര്‍ പറഞ്ഞതോടെ വിവാഹം കഴിക്കുമെന്ന് കുഞ്ഞുമോന്‍ സഭയ്ക്കും ഉറപ്പ് നല്‍കി.