തിരുവനന്തപുരം: യുവ കവി എസ് കലേഷിന്‍റെ കവിത ദീപാ നിശാന്ത് മോഷ്ടിച്ചുവെന്ന വിവാദത്തില്‍ പ്രതികരണവുമായി എഴുത്തുകാരി സിഎസ് ചന്ദ്രിക.  കലേഷിന്റെ കവിത ദീപ നിശാന്ത് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചത് വലിയ കുറ്റകൃത്യമാണെന്ന് സിഎസ് ചന്ദ്രിക ഫേസ്ബുക്കില്‍ കുറിച്ചു. 

കലേഷിന് ഇത് സ്വന്തം കവിതയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടി വരുന്ന സങ്കടകരമായ അവസ്ഥയുണ്ടാക്കിയത് ഹീനമായ കാര്യമാണ്. കലേഷിന്റെ കവിതകൾ സമകാലിക മലയാള കവിതാ സാഹിത്യത്തിലെ പുതു ഭാവുകത്വവും സൗന്ദര്യവുമാണ്. ആ സ്നേഹവും ആദരവും കലേഷിന് അവകാശപ്പെട്ടതാണെന്ന് തന്റെ ആരാധകരായ ആൾക്കൂട്ടത്തോട് പറഞ്ഞ് മനസ്സിലാക്കേണ്ടത് ദീപയാണെന്നും സിഎസ് ചന്ദ്രിക അഭിപ്രായപ്പെട്ടു. 

എസ് കലേഷ് തന്നെയാണ് എകെപിസിടിഎ മാഗസിനില്‍ അച്ചടിച്ചു വന്ന ദീപാ നിശാന്തിന്‍റെ കവിത, 2011 ല്‍ താന്‍ തന്‍റെ ബ്ലോഗില്‍ പബ്ലിഷ് ചെയ്തതാണെന്ന് വ്യക്തമാക്കി തെളിവ് സഹിതം രംഗത്തെത്തിയത്. എന്നാല്‍ ഈ ആരോപണം ആദ്യം തള്ളിയ ദീപ നിശാന്ത് പിന്നീട് മറ്റൊരാളുടെ കുരുക്കില്‍ വീണുപോയെന്നാണ് പിന്നീട് പ്രതികരിച്ചത്. 

അതേസമയം കലേഷിന്‍റെ കവിത തിരുത്തി ദീപയ്ക്ക് നല്‍കിയത് സാമൂഹ്യ നിരീക്ഷകന്‍ ശ്രീചിത്രന്‍ അണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇക്കാര്യം ദീപാ നിശാന്ത് പൊതുവേദിയില്‍ ഉന്നയിച്ചിട്ടില്ല. എന്നാല്‍ കലേഷിന്റെ കവിത തിരുത്തി ദീപ നിശാന്തിന് നൽകേണ്ട ആവശ്യം തനിക്കില്ലെന്ന് ആരോപണത്തില്‍ ശ്രീചിത്രൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചിരുന്നു. 

സിഎസ് ചന്ദ്രികയുടെ ഫേസ്ബുക്ക് പോസ്റ്റ്

ദീപ നിശാന്ത് കലേഷിന്റെ കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചത് വലിയ കുറ്റകൃത്യമാണ്. ഈ കുറ്റകൃത്യത്തിൽ നിന്ന് ദീപയെ രക്ഷപ്പെടുത്താൻ ഇനി ആർക്കു കഴിയും എന്ന ചോദ്യം മലയാള സാഹിത്യ ലോകത്തിനു മുമ്പിൽ നില്ക്കുന്നു. കലേഷിന് ഇത് സ്വന്തം കവിതയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടി വരുന്ന സങ്കടകരമായ അവസ്ഥയുണ്ടാക്കിയത് ഹീനമായ കാര്യമാണ്. കലേഷിന്റെ കവിതകൾ സമകാലിക മലയാള കവിതാ സാഹിത്യത്തിലെ പുതു ഭാവുകത്വവും സൗന്ദര്യവുമാണ്. കലേഷ് മാത്രമല്ല, എസ്. ജോസഫും എം.ബി മനോജും എം.ആർ രേണുകുമാറും വിജിലയുമടങ്ങുന്ന ഒരു നിര കവികൾ മലയാള സാഹിത്യത്തിന്റെ അധീശ ഭാഷാ, പ്രമേയ രൂപ സൗന്ദര്യ മാനദണ്ഡങ്ങളെ വെല്ലുവിളിച്ചു കൊണ്ട് മുഖ്യധാരയെ പിളർന്ന് മുന്നേറിയവരാണ്.

ആ സ്നേഹവും ആദരവും കലേഷിന് അവകാശപ്പെട്ടതാണെന്ന് തന്റെ ആരാധകരായ ആൾക്കൂട്ടത്തോട് പറഞ്ഞ് മനസ്സിലാക്കേണ്ടത് ദീപയാണ്. മതാന്ധരായ സംഘപരിവാർ വിശ്വാസികൾ ദീപയോടു കാണിക്കുന്ന അക്രമാസക്തി ഒരു കാരണവശാലും ദീപയെ കണ്ണും പൂട്ടി വിശ്വസിക്കുന്ന ആരാധകർ കലേഷിനോട് കാണിക്കാതിരിക്കണം. സംഘ പരിവാറിനെതിരായി ദീപയെടുക്കുന്ന നിലപാടുകളിലും സമരങ്ങളിലും നമ്മളൊപ്പമാണ്. എന്നാൽ, ഇരുണ്ട ലോകത്തിന് സത്യത്തിന്റെ വെളിച്ചം കാണിച്ചു കൊടുക്കാനുള്ള അനുഗ്രഹമാണ് എഴുത്ത് എന്ന് മനസ്സിലാക്കിയിട്ടുള്ളതിനാൽ ഈ ഘട്ടത്തിൽ ഞാൻ കലേഷിനൊപ്പം മാത്രം നില്ക്കുന്നു.