ദില്ലി: മോട്ടോര്‍ വാഹന ഭേദഗതി ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. മദ്യപിച്ചു വാനമോടിച്ചാല്‍ 10000 രൂപ വരെ പിഴ ഈടാക്കാനും ഇടിച്ച വാഹനം നിര്‍ത്താതെ പോകുന്ന ഘട്ടത്തില്‍ 25,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപവരെ അപകടത്തിനിരയായ ആള്‍ക്കു നഷ്ടപരിഹാരം ലഭിക്കാനും ഉള്‍പ്പെടെ നിരവധി വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍.

അമിതവേഗതയ്ക്കു 4,000 രൂപ വരെയും ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്കു 2,000 രൂപ വരെയും പിഴ ഈടാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് 2000 രൂപ പിഴയും മൂന്നു മാസത്തേക്കു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനും ബില്‍ അംഗീകാരം നല്‍കി. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്കും 5,000 രൂപ വരെ പിഴയും വേണ്്ടത്ര യോഗ്യതയില്ലാതെ വാഹനമോടിക്കുന്നവര്‍ക്കു 10000 രൂപ പിഴ വിധിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

രണ്്ടു വര്‍ഷം മുമ്പ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനു പിന്നാലെയാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്ലിന്റെ കരട് രേഖ കൊണ്ടുവരുന്നത്. രാജ്യത്ത് ഓരോ വര്‍ഷവും അഞ്ചു ലക്ഷം വാഹനാപകടങ്ങളിലായി ഒന്നരലക്ഷം പേര്‍ മരിക്കുന്നതായാണ് കണക്ക്. ഇത് പകുതിയായി കുറയ്ക്കാനാണ് ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റാണ് ബില്ലിന് അംഗീകാരം നല്‍കിയത്.