കൊലക്കേസ് പ്രതികളെ മാലയിട്ട് സ്വീകരിച്ച് കേന്ദ്ര മന്ത്രി 

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഇറച്ചി കച്ചവടക്കാരനെ കൊന്ന കേസില്‍ കുറ്റക്കാരായ എട്ട് പേരെ മാലയിട്ട് സ്വീകരിച്ച് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ വിവാദത്തില്‍. അദ്ദേഹത്തിന്‍റെ വസതിയിലേക്ക് എട്ട് പേരെയും മാലയിട്ട് സ്വീകരിക്കുന്ന ചിത്രം വൈറലായതോടെയാണ് സംഭവം വിവാദമായത്. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള സിന്‍ഹയുടെ വസതിയിലേക്ക് ഇവരെ സ്വീകരിക്കുന്നതും മാലയിട്ട് ആനയിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. 

ജയന്ദ് സിന്‍ഹയുടെ നടപടിയെ വിമര്‍ശിച്ച് ജാര്‍ഖണ്ഡിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവ് ഹേമന്ദ് സോറന്‍ രംഗത്തെത്തി. സിന്‍ഹയുടെ നടപടി അങ്ങേഅറ്റം നിന്ദ്യമാണെന്ന് സോറന്‍ പറഞ്ഞു. അതേസമയം സംഭവത്തോട് സിന്‍ഹ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിക്കുകയായിരുന്നു. 

2017 ജൂണില്‍ ഇറച്ചി കച്ചവടക്കാരനായ അലിമുദ്ദീന്‍ അന്‍സാരി എന്ന 55കാരനെ കൊന്ന കേസില്‍ ബിജെപി നേതാവ് അടക്കം 11 പേരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ബീഫ് കൈവശം വച്ചെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഇയാളെ കൊലപ്പെടുത്തിയത്. അന്‍സാരിയെ തന്‍റെ കാറില്‍നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയായിരുന്നു ഇവര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. 

പശുവിന്‍റെ പേരില്‍ ആളുകളെ കൊല്ലുന്നത് അനുവദിക്കാനാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വന്നതിന് പിറ്റേന്ന് ആയിരുന്നു ഗോസംരക്ഷകരെന്ന പേരില്‍ ഇവര്‍ കൊലപാതകം നടത്തിയത്. അന്‍സാരിയുടെ ഭാര്യയുടെ മൊഴി പ്രകാരം, ഒമ്പത് മാസത്തിന് ശേഷം ഈ വര്‍ഷം മാര്‍ച്ചില്‍ ആണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 

സിന്‍ഹയുടെ നടപടിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഞെട്ടല്‍ രേഖപ്പെടുത്തി. മോദിയുടെ മന്ത്രിസഭയിലെ ഏറ്റവും വിദ്യാസമ്പന്നനായ മന്ത്രി നിരപരാധിയെ കൊന്ന കേസിലെ കുറ്റക്കാരെ പൊതുമധ്യത്തില്‍ പിന്തുണയ്ക്കുന്നത് അത്ഭുതപ്പെടുത്തിയെന്ന് കോണ്‍ഗ്രോസ് നേതാവ് അജോയ് കുമാര്‍ പറഞ്ഞു. 

Scroll to load tweet…