കെവിന്‍റെ കുടുംബത്തിന് 10ലക്ഷം ധനസഹായം, നീനുവിന്‍റെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: ഭാര്യാസഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം.കെവിന്‍റെ കുടുംബത്തിന് വീട് വയ്ക്കാൻ സർക്കാർ സഹായം നല്‍കും. 10 ലക്ഷം രൂപ സഹായം നൽകാനാണ് തീരുമാനം. ഭാര്യ നീനുവിന്‍റെ പഠനച്ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

അതേസമയം കെവിന്‍റെ മരണകാരണത്തില്‍ അന്തിമ തീരുമാനത്തിലെത്താതെ മെഡിക്കല്‍ ബോർഡ് യോഗം പിരിഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോർഡ് യോഗമാണ് കെവിന്‍റെ മരണത്തില്‍ അന്തിമ തീരുമാനമുണ്ടാകാതെ പിരിഞ്ഞത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നത പൊലീസ് സർജന്മാരുടെ സംഘം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശകലനം ചെയ്തെങ്കിലും മരണകാരണം സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.

മെയ് 28നാണ് ഭാര്യാ സഹോദരന്‍ തട്ടിക്കൊണ്ടുപോയ നവവരന്‍ കെവിനെ മരിച്ച നിലയില്‍ തെന്‍മലയ്ക്കു സമീപം ചാലിയേക്കര പുഴയില്‍ കണ്ടെത്തിയത്. കെവിനുമായുള്ള പ്രണയം നീനുവിന്‍റെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇരുവരും വിവാഹം ചെയ്തു. ഭാര്യവീട്ടുകാരുടെ ഭീഷണി ഭയന്ന കെവിന്‍ ബന്ധുവിന്‍റെ വീട്ടിലേക്ക് മാറി താമസിച്ചെങ്കിലും അവിടെയെത്തിയ നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോയും സംഘവും കെവിന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.