കാഡ്ബറിയുടെ മാതൃസ്ഥാപനമായ മോണ്ടേലെസ് ഇന്ത്യ ഫുഡ്സിന് 50,000 രൂപ പിഴ. ഗുണ്ടൂര്‍ ബ്രോഡിപ്പേട്ട് സ്വദേശിനി അനുപമയുടെ പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ വിധി. 2016 ജൂലൈ 17 ന് വാങ്ങിയ കാസ്ബറിയുടെ റോസ്റ്റഡ് ആല്‍മണ്ട് ചോക്ലേറ്റ് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുപമ പരാതി നല്‍കിയത്. 

അനുപമ ചിത്രങ്ങള്‍ സഹിതം കാഡ്ബറി കമ്പനിയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കാഡ്ബറിയില്‍ നിന്നും ഉദ്യോഗസ്ഥരെത്തി അനുപമയുടെ പരാതി സത്യമാണെന്ന് കണ്ടെത്തിയിരുന്നു. പരാതി ഉയര്‍ത്തി പ്രശ്നമുണ്ടാക്കരുതെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും അനുപമ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. 

കാഡ്ബറിയില്‍ നിന്നും കോടതി വിശദീകരണം തേടി. എന്നാല്‍ അനുപമയുടെ പരാതി വിശ്വാസയോഗ്യമല്ലെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. അതേസമയം അനുപമ വെബ്സൈറ്റ് മുഖേന പരാതി രേഖപ്പെടുത്തിയത് കാഡ്ബറി നിഷേധിച്ചില്ല. കേസില്‍ നിരവധി തവണ കോടതിയില്‍ ഹാജരാകാതിരുന്ന കാഡ്ബറിക്ക് കോടതി ചിലവിലേയ്ക്ക് 5000 രൂപയും പിഴ ചുമത്തി.