കോഴിക്കോട്: സുവര്‍ണ്ണ ജുബിലിയോടനുബന്ധിച്ച് സ്ഥാപിക്കുന്ന നിര്‍ദ്ദിഷ്ട കേന്ദ്രീകൃത സൂക്ഷ്മോപകരണ സംവിധാനത്തിലൂടെ (സെന്‍ട്രലൈസ്ഡ് സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്‍റേഷന്‍ ഫെസിലിറ്റി) ക്യാംപസിലെ ഗവേഷണ സൗകര്യങ്ങള്‍ പതിന്മടങ്ങ് മെച്ചപ്പെടുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. സര്‍വകലാശാലാ ബയോടെക്നോളജി വിഭാഗം സംഘടിപ്പിച്ച യുവ ശാസ്ത്രജ്ഞരുടെ സംഗമവും ദ്വിദിന ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗവേഷണ മികവ് ഉയര്‍ത്തുന്നതിനുള്ള ഈ പദ്ധതി കാമ്പസിലെ അധ്യാപകര്‍, ഗവേഷക വിദ്യാര്‍ത്ഥികള്‍ എന്നിവരെ കൂടാതെ പുറത്തുനിന്നുള്ള ഗവേഷകര്‍ക്കും പ്രയോജനപ്പെടുത്താന്‍കൂടി ലക്ഷ്യമിട്ടിട്ടുള്ളതാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ബയോടെക്നോളജി പഠനവകുപ്പില്‍ നിന്ന് പിജി കരസ്ഥമാക്കിയ ശേഷം ലോകത്തെ മികച്ച ഗവേഷണ സ്ഥാപനങ്ങളില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി വിവിധ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളില്‍ ഉന്നത നിലയില്‍ സേവനമനുഷ്ഠിക്കുന്ന ഏഴ് ശാസ്ത്രജ്ഞരും സെമിനാറില്‍ പങ്കെടുക്കുന്നുവെന്നത് സവിശേഷതയാണ്. ബയോടെക്നോളജി പഠനവകുപ്പ് മേധാവി പ്രൊഫ.പി.ആര്‍. മനീഷ് കുമാര്‍, പ്രൊഫ.കെ.വി. മോഹനന്‍, പ്രൊഫ.കെ.കെ. ഇല്യാസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സെമിനാര്‍ ഫെബ്രുവരി 23-ന് സമാപിക്കും.