കാലിഫോര്‍ണിയ: പുതുവര്‍ഷത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരെ സ്വാഗതം ചെയ്ത് കാലിഫോര്‍ണിയ. അമേരിക്കന്‍ സ്റ്റേറ്റായകാലിഫോര്‍ണിയയില്‍ കഞ്ചാവ് വില്‍പ്പന നിയമ വിധേയമാക്കിയിരിക്കുകയാണ് അധികൃതര്‍. പുതുവത്സര ദിനം മുതല്‍ പുതുതായി അനുമതി ലഭിച്ച നിരവധി കടകളാണ് തുറക്കുന്നത്.

21 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് അനുവദിക്കുന്ന അമേരിക്കയിലെ ആറാമത്തെ സ്റ്റേറ്റ് ആണ് കാലിഫോര്‍ണിയ. കൊളറാഡോ, വാഷിംഗ്ടണ്‍, ഒറേഗണ്‍, അലാസ്‌ക, നെവാഡ എന്നിവിടങ്ങളിലാണ് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍, നികുതി ഈടാക്കി ലൈസന്‍സ് നല്‍കി കഞ്ചാവ് വില്‍പ്പന അനുവദിയ്ക്കുന്നത്. 

അമേരിക്കന്‍ നിയമ പ്രകാരം കഞ്ചാവ് അനധികൃത വേദന സംഹാരിയായാണ് കണക്കാക്കുന്നത്. എന്നാല്‍ അമേരിക്കയിലെ 39.5 മില്യണ്‍ ആളുകള്‍ താമസിക്കുന്ന കാലിഫോര്‍ണിയ അടക്കമുള്ള സ്‌റ്റേറ്റുകളില്‍ കഞ്ചാവ് വില്‍പ്പന നിയമ വിധേയമാണ്. 2018 ല്‍ 1 ബില്യണ്‍ ഡോളറാണ് ഈ ഇനത്തില്‍ നികുതി വരുമാനമായി കാലിഫോര്‍ണിയ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 

ലോകത്തില്‍ തന്നെ ഉറുഗ്വേ ആണ് കഞ്ചാവ് വില്‍പ്പന നിയമ വിധേയമാക്കിയ ഏക രാജ്യം. ജൂലൈ 2017ലാണ് ഉറുഗ്വേ കഞ്ചാവ് വില്‍പ്പന അനുവദിച്ചത്. എന്നാല്‍ കാലിഫോര്‍ണിയയിലെ വിപണിയനുസരിച്ച് വളരെ ചെറുതാണ് 3.4 മില്യണ്‍ ജനങ്ങളുള്ള ഉറുഗ്വേയുടേത്. 

ചികിത്സയ്ക്ക് ഉപയോഗിക്കുന്ന കഞ്ചാവ് വില്‍പ്പന നിയമ വിധേയമാക്കിയ അമേരിക്കയിലെ ആദ്യ സ്്‌റ്റേറ്റും കാലിഫോര്‍ണിയയാണ്. 1996 മുതലാണ് വില്‍പ്പന നിയമവിധേയമായത്. തുടര്‍ന്ന് 30 ഓളം സ്‌റ്റേറ്റുകള്‍ ഇത്തരത്തില്‍ ചികിത്സാ ആവശ്യത്തിനുള്ള കഞ്ചാവ് വില്‍പ്പന നിയമ വിധേയമാക്കി.