തിരുവനന്തപുരം: ബിജെപി കൗൺസിലറെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചതിന് മേയർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുക്കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ ഉപാധ്യക്ഷൻ എൽ.മുരുകൻ പൊലീസിന് നിർദ്ദേശം നൽകി. തിരുവനന്തപുരത്തെയും കൊല്ലത്തെയും സംഘർഷത്തിൽ പൊലീസിന് വീഴ്ച പറ്റിയെങ്കിൽ പരിഹരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

അതേസമയം മേയറെ ആക്രമിച്ച കേസിൽ രണ്ട് ബിജെപി കൗൺസിലർമാരെ ഇന്നും പൊലീസ് അറസ്റ്റ് ചെയ്തില്ല. മേയറെ ആക്രമിച്ച കേസിൽ ബിജെപി കൗൺസിലർമാരായ ഗിരികുമാര്‍, ബീന എന്നിവരുൾപ്പെടെ ഉളളവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്സെടുത്തിരിക്കുന്നത്.

എന്നാൽ ജാമ്യമില്ലാ വകുപ്പുകൾ ഒഴിവാക്കണമെന്നും അല്ലാതെയുളള അറസ്റ്റ് പ്രതിരോധിക്കുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് ഇന്നലെ ബിജെപി നേതാക്കൾ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടിരുന്നു. 

സംഘർഷ സാധ്യത കണക്കിലെടുത്താണ് സ്വകാര്യ ആശുപത്രിയിൽ നിന്നുളള അറസ്റ്റ് വൈകുന്നതും. അതിനിടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിജെപി കൗൺസിലർ ലക്ഷ്മിയുടെ മൊഴിയെടുക്കാൻ ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എൽ.മുരുഗന്‍ നേരിട്ടെത്തി.

മേയർ ഉൾപ്പെടെയുളളവ‍ർ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന പരാതിയിൽ അടിയന്തിര നടപടിയെടുക്കാൻ പൊലീസിന് കമ്മീഷന്‍റെ നിർദ്ദേശം. ജില്ലാകളക്ടർ, ജില്ലാ പൊലീസ് മേധാവി, നഗരസഭ സെക്രട്ടറി തുടങ്ങിയവരെ കമ്മീഷൻ വിളിച്ചുവരുത്തി വിശദീകരണം തേടി.