ഉത്തര്‍പ്രദേശ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി വാട്സ്ആപില്‍ പോസ്റ്റിട്ട പാര്‍ട്ടി നേതാവിനെ പുറത്താക്കി. പുകഴ്ത്തിയതില്‍ പ്രശ്നമൊന്നും ഉണ്ടായില്ലെങ്കിലും രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച കുറ്റത്തിനാണ് പാര്‍ട്ടി നടപടിയെടുത്തത്. 

മീററ്റിലെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനും നേതാവുമായ വിനയ് പ്രധാനാണ് ഒരു വാട്സ്‍ആപ് ഗ്രൂപ്പില്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിക്കുന്ന സന്ദേശം പോസ്റ്റ് ചെയ്തത്. ഒരു ഗ്രൂപ്പില്‍ വിനയ് പ്രധാന്‍ പോസ്റ്റ് ചെയ്ത സന്ദേശം നിരവധി പേരിലൂടെ പ്രചരിപ്പിക്കപ്പെട്ടതായി പാര്‍ട്ടി കണ്ടെത്തി. സ്വന്തം താത്പര്യങ്ങള്‍ അവഗണിച്ച് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള രാഹുലിന്റെ മനസിനെ വാനോളം പുകഴിത്തിയായിരുന്നു പോസ്റ്റ്. അദാനി, അംബാനി, മല്യ എന്നിവരുമായിട്ടൊക്കെ പപ്പുവിന് കൈകോര്‍ക്കാമായിരുന്നു. പക്ഷേ പപ്പു അത് അദ്ദേഹം ചെയ്തില്ല. പപ്പുവിന് മന്ത്രിയോ പ്രധാനമന്ത്രിയോ പോലും ആവാമായിരുന്നെങ്കിലും ആ വഴിയും അദ്ദേഹം സഞ്ചരിച്ചില്ല. മറിച്ച് മാന്‍സോറിലെ കര്‍ഷകര്‍ക്കൊപ്പമായിരുന്നു അദ്ദേഹം എന്നായിരുന്നു വിനയ് പ്രധാന്‍ വാട്സ്‍ആപ്പില്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ പുകഴ്ത്തലിനൊപ്പമുള്ള പപ്പു വിളി വിവാദമായതോടെ ഇദ്ദേഹത്തെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കുകയാണെന്ന് കോണ്‍ഗ്രസ് ജില്ലാ വക്താവ് അഭിമന്യു ത്യാഗി അറിയിച്ചു. വിഷയം മുതിര്‍ന്ന നേതാക്കളെ അറിയിച്ചതിന് പിന്നാലെയായിരുന്നു തീരുമാനം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടന ലംഘിച്ചതിനാണ് നടപടിയെന്നായിരുന്നു പാര്‍ട്ടി അച്ചടക്ക സമിതി ചെയര്‍മാന്‍ രാമകൃഷ്ണ ദ്വിവേദി പറഞ്ഞു. എന്നാല്‍ തന്റെ വാട്സ്‍ആപ് പോസ്റ്റ് ഫോട്ടോഷോട്ട് ഉപയോഗിച്ച് മാറ്റിയാണ് തനിക്കെതിരെ ഉപയോഗിച്ചതെന്നായിരുന്നു വിനയ് പ്രധാന്റെ പ്രതികരണം.