കൊച്ചി: വിലകൂടിയ ക്യാമറകള്‍ വാടകയ്‌ക്കെടുത്ത് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. അന്യ സംസ്ഥാനങ്ങളിലടക്കം തട്ടിപ്പ് നടത്തിയ കണ്ണൂര്‍ സ്വദേശി റെയ്‌സനെയാണ് കൊച്ചി പൊലീസ് പിടികൂടിയത്.

ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റെയ്‌സന്‍ വില കൂടിയ വീഡിയോ ക്യാമറകള്‍ വാടകയ്ക്ക് എടുത്തിരുന്നത്. വാടകയ്‌ക്കെടുത്ത ക്യാമറയുമായി മുങ്ങുന്ന റെയ്‌സന്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ നഗരങ്ങളിലെത്തി ക്യാമറകള്‍ വില്‍ക്കും. 

എറണാകുളം കോതമംഗലം സ്വദേശി ബേസില്‍ വര്‍ഗീസ് പരാതി നല്‍കിയതോടെയാണ് റെയ്‌സന്‍ പിടിയിലായത്. ബേസിലില്‍ നിന്നും മൂന്ന് ലക്ഷം രൂപ വിലയുള്ള ക്യമാറ വാടകയ്‌ക്കെടുത്ത് മുങ്ങുകയായിരുന്നു.

ഈ ക്യാമറ നേര്യമംഗലത്ത് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പൊലീസ് പിടിയിലാവുന്നത്. തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും റെയ്‌സന്‍ സമാനമായ തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.