നഴ്‌സമാരും രോഗികളും കഷ്ടപ്പെടുമ്പോള്‍ തങ്ങള്‍ക്ക് മാത്രം ശമ്പളം ഉയര്‍ത്തേണ്ട

ക്യുബെക് സിറ്റി: ശമ്പളം കൂട്ടാന്‍ ആവശ്യപ്പെട്ട് സമരം നടത്തുന്നത് മാത്രം പരിചിതമായ സമൂഹത്തിന് ഉള്‍ക്കൊള്ളനാകാത്ത സമര കാരണമാണ് കാനഡയില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. നഴ്‌സമാരും രോഗികളും കഷ്ടപ്പെടുമ്പോള്‍ തങ്ങള്‍ക്ക് മാത്രം ശമ്പളം ഉയര്‍ത്തേണ്ടെന്നാണ് കാനഡയിലെ 500 ലേറെ ഡോക്ടര്‍മാരും 150 ഓളം മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് തയ്യാറാക്കിയ കത്തില്‍ ഡോക്ടര്‍മാര്‍ ഒപ്പുവച്ചു. ഫെബ്രുവരു 25 മുതല്‍ ഒപ്പു ശേഖരണം നടത്തി നിവേദനം സര്‍ക്കാരിന് സമര്‍പ്പിച്ചു. 

പൊതുവ്യവസ്ഥയിലാണ് തങ്ങള്‍ വിശ്വസിക്കുന്നത്. മെഡിക്കല്‍ ഫെഡറേഷന്റെ ശമ്പള വര്‍ദ്ധനവിനോട് എതിരാണ് തങ്ങള്‍. ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന നഴ്‌സമാര്‍, ക്ലെറിക്കല്‍ ജീവനക്കാര്‍, മറ്റ് ജോലിക്കാര്‍ എന്നിവര്‍ കുറഞ്ഞ ശമ്പളത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍തങ്ങള്‍ക്ക് ശമ്പളം കുടേണ്ട. ശമ്പളമല്ല, രോഗികള്‍ക്ക് മികച്ച ആരോഗ്യ സംവിധാനമാണ് ഒരുക്കേണ്ടത്. 

തങ്ങളുടെ ശമ്പള വര്‍ദ്ധനവിനായി മാറ്റി വച്ച തുക നഴ്‌സമാരടക്കമുള്ള ജീവനക്കാരുടെ മ്പള വര്‍ദ്ധനവിനും ചികിത്സ സംവിധാനം മെച്ചപ്പെടുത്താനും വിനിയോഗിക്കണമെന്നും ഡോക്ടര്‍മാര്‍ നിവേദനത്തില്‍ പറയുന്നു. 70 കോടി ഡോളറാണ് ശമ്പള വര്‍ദ്ധനവിനായി നീക്കി വച്ചിരിക്കുന്നത്. ക്യുബെക്കിലെ ഡോക്ടര്‍മാരുടെ പ്രതിവര്‍ഷ ശമ്പളത്തില്‍ 1.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്താന്‍ തയ്യാറെടുക്കുന്നത്. 

അവര്‍ക്ക് വേണ്ടെങ്കില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ ക്യൂബെക്കിലെ ഭൂരിപക്ഷം ഡോക്ടര്‍മാരും ഇതിനെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇവിടങ്ങളില്‍ നഴ്‌സ്മാര്‍ക്ക് കുറഞ്ഞ ശമ്പളവും കൂടുതല്‍ ജോലി ഭാരവുമെന്ന അവസ്ഥയാണ്. ഒരു നേഴ്‌സ് 70 രോഗികളെ വരെ നോക്കണമെന്ന അവസ്ഥയാണ് അതിനിടയില്‍ തങ്ങള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചത് ഞെട്ടിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.