സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്താനുള്ള ശുപാർശ ലഭിക്കുന്നത്. വകുപ്പ് തല നടപടി നേരിട്ടവരും ആരോപണ വിധേയരമായ നിരവധി ഉദ്യോഗസ്ഥർക്ക് ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പന്ത്രണ്ട് ഡി വൈ എസ് പിമാരെ തരംതാഴ്ത്തിയേക്കും. അച്ചടക്ക നടപടി നേരിടുന്ന ഇവരെ ഒഴിവാക്കിയാണ് ആഭ്യന്തരവകുപ്പ് പുതിയ സ്ഥാനക്കയറ്റ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒഴിവാക്കിയവരെ തരംതാഴ്ത്തണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാർശ നൽകി.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്താനുള്ള ശുപാർശ ലഭിക്കുന്നത്. വകുപ്പ് തല നടപടി നേരിട്ടവരും ആരോപണ വിധേയരമായ നിരവധി ഉദ്യോഗസ്ഥർക്ക് ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു. ഇത് സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്‍റെ അടിസ്ഥാനത്തിലായിരുന്നു.
ഈ വകുപ്പ് സർക്കാർ രണ്ടാഴ്ചയ്ക്ക് മുൻപ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങൾ പുനഃപ്പരിശോധിക്കാൻ തീരുമാനിച്ചത്. 2014 മുതൽ സീനിയോറിട്ടി തർക്കം മൂലം താൽക്കാലിക പ്രമോഷൻ മാത്രം നൽകിയിരുന്നതുകൊണ്ട് ഇതിന് നിയമതടസ്സവുമില്ല.
ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാനക്കയറ്റ നിർണയ സമിതിയാണ് താൽക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡി വൈ എസ് പിമാരുടെ വിവരങ്ങള്‍ പരിശോധിച്ച് പന്ത്രണ്ട് പേരെ ഒഴിവാക്കാൻ നിർദ്ദേശിച്ചത്.
ബാക്കിയുള്ള 131 പേരെ സ്ഥിരപ്പെടുത്താനാണ് ശുപാർശ. ഒഴിവാക്കിയവർക്കെതിരെ തരംതഴ്ത്തൽ ഉള്‍പ്പെടെയുള്ള ഉചിതമായ നടപടി സ്വീകരിക്കണെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകി.
