ദില്ലി: നാമനിർദ്ദേശപത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർത്ഥിയുടെ ആശ്രിതരുടെയും സ്വത്തുവിവരം നല്‍കണമെന്ന് സുപ്രീം കോടതി. സ്ഥാനാർത്ഥികളും പങ്കാളിയും ആശ്രിതരും വരുമാനസ്രോതസും വെളിപ്പെടുത്തണം. ജനപ്രതിനിധികളുടെ സ്വത്ത് പലയിരട്ടി കൂടുന്നതിൽ അത്ഭുതം രേഖപ്പെടുത്തിയ കോടതി വരുമാനത്തിൻറെ ഉറവിടവും ഇനി പത്രികയിൽ വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

ലോക് പ്രഹരി എന്ന സന്നദ്ധ സംഘടന നല്കിയ പൊതു താല്‍പര്യ ഹർജി പരിഗണിച്ച കോടതി നിയമഭേദഗതി ആവശ്യമില്ലാത്ത എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. ജസ്റ്റിസുമാരായ ജെ.ചലമേശ്വർ, എസ് അബ്ദുൾ നസീർ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് ജനപ്രതിനിധികളുടെ അഴിമതി നിയന്ത്രിക്കാനുള്ള സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. 

നാമനിർദ്ദേശപത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർത്ഥിയുടെയും പങ്കാളിയുടെയും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് ഇപ്പോൾ വ്യവസ്ഥയുണ്ട്. ഇതിനൊപ്പം ആശ്രിതരുടെയും സ്വത്തുവിവരം നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശിച്ചു. പത്രികയിൽ കമ്മീഷൻ ഇതിനാവശ്യമായ മാറ്റം വരുത്തണം. സർക്കാരുമായി ബിസിനസ് ഇടപാടുകൾ ഉള്ളവർക്ക് അയോഗ്യത കൽപ്പിക്കുന്ന 9എ ചട്ടം ചൂണ്ടിക്കാട്ടിയ ഹർജിക്കാർ സ്ഥാനാർത്ഥിയുടെ കുടുംബത്തിന് ഇടപാടുകളുണ്ടെങ്കിലും അയോഗ്യത വരും എന്ന പഴയ ചട്ടം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ നിയമഭേദഗതികൾ പാർലമെൻറ് പരിഗണിക്കട്ടേയെന്ന് കോടതി പറഞ്ഞു. എന്നാൽ ചട്ടം 9എ അനുസരിച്ച് വരുമാനത്തിൻറെ ഉറവിടം വ്യക്തമാക്കേണ്ടതുണ്ട് എന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. സ്ഥാനാർത്ഥികളും പങ്കാളിയും ആശ്രിതരും വരുമാനസ്രോതസും വെളിപ്പെടുത്തണം. ജനപ്രതിനിധികളുടെ സ്വത്ത് അഞ്ചുകൊല്ലത്തിനിടെ പല ഇരട്ടിയാകുന്ന സംഭവങ്ങളിൽ സുപ്രീം കോടതി അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു.