സര്‍ക്കാരിന്‍റെ നയപരമായ കാര്യങ്ങളില്‍ കോടതിക്ക് എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന് കോടതി 

ദില്ലി:പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിന് വിദേശസഹായം അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംമകോടതി വ്യക്തമാക്കി. വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിക്കണമെന്നാവശ്യപ്പെടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. 

ഈ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യവും സുപ്രീംകോടതി നിരസിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സര്‍ക്കാരിന്‍റെ നയപരമായ കാര്യങ്ങളില്‍ കോടതിക്ക് എങ്ങനെ ഇടപെടാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചു. അഭിഭാഷകയായ ജയ് സുക്കിനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

നേരത്തെ കേരളഹൈക്കോടതിയും സമാനമായ ഹര്‍ജി തള്ളിയിരുന്നു. വിദേശരാജ്യങ്ങളുമായുള്ള ബന്ധവും ഇടപാടുകളും എപ്രകാരമായിരിക്കണം എന്ന് നിശ്ചയിക്കാനുള്ള പരമാധികാരം സംസ്ഥാനങ്ങള്‍ക്കോ കോടതികള്‍ക്കോ അല്ല കേന്ദ്രസര്‍ക്കാരുകള്‍ക്കാണെന്നാണ് ഹൈക്കോടതിയും സുപ്രീംകോടതിയും ചൂണ്ടിക്കാട്ടിയത്.