താനെയ്ക്കടുത്ത് നവ്പാടയിലാണ് സംഭവം. അമിതവേഗതയിലെത്തിയ വാഗനർ കാർ ആറും ഏഴും വയസുള്ള കുട്ടികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അമ്മയോടൊപ്പം ഓട്ടോയിൽ വന്നിറങ്ങിയ കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ സിഗ്നലിൽ വെച്ച് കാർ ഇടിക്കുകയായിരുന്നു. അമ്മ ഓട്ടോ ഡ്രൈവർക്ക് പണം കൊടുക്കുമ്പോഴാണ് തൊട്ടടുത്ത്  ജിയയ്ക്കും പാർത്ഥയ്ക്കും അപകടം പറ്റിയത്. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ തെറിച്ചുപോയി.

അടുത്തുള്ള ജ്വല്ലറിയിലെ സിസിടിവിയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടികളുടെ തലയ്ക്കും ദേഹത്തും മുറിവു പറ്റിയിട്ടുണ്ട്. അപകടസ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതവേഗതയിൽ യാത്ര ചെയ്തിട്ടില്ലെന്നും ബ്രേക്കിന് പകരം അറിയാതെ ആക്സലേറ്റർ ചവിട്ടിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് വാഹനം ഓടിച്ചിരുന്ന ദിലീപ് പൊലീസിനോട് പറഞ്ഞു. ഇയാൾ അധ്യാപകനാണ്. അപകടം പറ്റിയ കുട്ടികൾ താമസിക്കുന്ന അതേ ഹൗസിംഗ് സൊസൈറ്റിയിലാണ് ദിലീപും താമസിക്കുന്നത്.