നെയ്യാറ്റിൻകര സനൽ വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഡിവൈഎസ്പിക്കൊപ്പം ഒളിവില്‍ പോയ ബിനുവിന്‍റെ മകന്‍ അനുപ് കൃഷ്ണയാണ് പിടിയിലായത്. 

തിരുവനന്തപുരം:നെയ്യാറ്റിൻകര സനൽ കുമാര്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഡിവൈഎസ്പിക്കും ബിനുവിനും ഒളിവിൽ പോകാൻ ബന്ധുവിന്‍റെ കാര്‍ എത്തിച്ച് നല്‍കിയ അനൂപ് കൃഷ്ണയാണ് പൊലീസ് പിടിയിലായത്. ഡിവൈഎസ്പി ഹരികുമാറിനൊപ്പം ഒളിവില്‍ കഴിയുന്ന ബിനുവിന്‍റെ മകനാണ് അനൂപ് കൃഷ്ണ. അനൂപ് കൃഷ്ണ എത്തിച്ചുകൊടുത്ത കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കല്ലമ്പലം വരെയാണ് ഈ കാര്‍ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. കല്ലറയിലെ കുടുംബ വീട്ടിലാണ് കാറ് ഇപ്പോള്‍ ഉളളത്. കാറിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കാറ് പൊലീസ് കസ്റ്റഡിയിലെടുക്കും. സംഭവത്തില്‍ അനൂപ് കൃഷ്ണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ക്രൈംബ്രാഞ്ച് അനൂപ് കൃഷ്ണയെ ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. 

അതിനിടെ, ഡിവൈഎസ്പി ബി.ഹരികുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മറ്റൊരാള്‍ ഇന്ന് പിടിയിലായിരുന്നു. തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഡിവൈഎസ്പി ഈ ലോഡ്ജിലെത്തിയിരുന്നു. തുടര്‍ന്ന് സതീഷ് ഹരികുമാറിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഡിവൈഎസ്പിക്ക് സതീഷ് പുതിയ രണ്ട് സിം കാർഡുകൾ കൈമാറിയിരുന്നു. എന്നാല്‍ 7-ാം തീയതിക്ക് ശേഷം ഈ സിം കാർഡുകൾ പ്രവർത്തിക്കുന്നില്ല. സതീഷന്‍റെ ഡ്രൈവര്‍ രമേശിനെയും കൂട്ടിയാണ് ഹരികുമാര്‍ രക്ഷപ്പെട്ടത്. രമേശും ഇപ്പോഴും ഒളിവിലാണ്. ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് സതീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.